Friday, 29 November 2019

തലമുറകള്‍ക്ക് കരുത്തായി താജുല്‍ ഉലമയുടെ ആദര്‍ശ ഒര്‍മകള്‍; ആറാമത് ഉറൂസിന്റെ ധന്യതയില്‍ എട്ടിക്കുളം

സ്വാതന്ത്യാനന്തര കേരള മുസ്ലിം സാമൂഹികാവസ്ഥ പഠന വിധേയമാക്കിയവര്‍ അറുപതുകളിലെ കേരളീയ മുസ്ലിം സാഹചര്യം വിശദീകരിക്കുന്നുണ്ട്.   നിറകുടങ്ങളായ ആലിമീങ്ങള്‍ ദീനിവിദ്യാഭ്യാസവും ദര്‍സുമായി മാത്രം  ബന്ധപ്പെട്ട് മതപ്രബോധന മേഖലയില്‍ ശ്രദ്ധയൂന്നുമ്പോള്‍ ഭൗതിക വിജ്ഞാനം മാത്രം നേടിയ സമ്പന്ന വിഭാഗം ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മറ്റു ഉന്നത മേഖലകളിലുള്ളവരും മതവുമായി യാതൊരു ബന്ധവുമില്ലാതെ പരിഷ്‌കാരങ്ങളുടെ പിറകെ പോകുന്നു.
  ഭൗതിക വിദ്യാഭ്യാസത്തിന്റെ  അഭാവമാണ് മുസ്ലിംകള്‍ അധഃപതിക്കാന്‍ കാരണമെന്ന നിലയില്‍ പ്രചാരമഴിച്ച് വിട്ട് മോഡേണ്‍ എയ്ജ്   സൊസൈറ്റിയും മറ്റുമുണ്ടാക്കി പണ്ഡിതരെ താറടിച്ച് കാണിക്കാനുള്ള ശ്രമങ്ങളും വ്യാപകമായിരുന്നു.
   ജനങ്ങളുടെ ആശ്രയത്തില്‍ ജീവിക്കാനല്ലാതെ ഒന്നിനും കൊള്ളാത്തവരാണ് മുസ്ലിയാക്കന്മാര്‍ എന്ന പരിഷ്‌കരണവാദികളുടെ പതിവ് പരിഹാസങ്ങള്‍ക്ക് മതവും ഭൗതികവും സമന്വയിപ്പിച്ച ഒരുപറ്റം സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുത്തുകൊണ്ടാണ് പണ്ഡിതര്‍ പകരം ചോദിച്ചത്. ആ പരീക്ഷണത്തിന്റെ ആദ്യത്തെ കാല്‍വെയ്പ്പും വളര്‍ച്ചയും വികാസവുമെല്ലാം ഉണ്ടായത് മാലിക്ദീനാറിന്റെ പാരമ്പര്യം പേറുന്ന കാസര്‍കോടിന്റെ മണ്ണില്‍ ജാമിഅ സഅദിയ്യ അറബിയ്യയിലൂടെയായിരുന്നു.
  സഅദിയ്യ സാധിച്ചെടുത്ത ആദര്‍ശ വിപ്ലവത്തിന്റെ മുന്നണിയില്‍ വര്‍ത്തിച്ച രണ്ട് മഹത്തുക്കളാണ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളും നൂറുല്‍ ഉലമ എം.എ ഉസ്താദും.  എം.എ ഉസ്താദിന്റെ ചോരയും നീരുമാണ് സഅദിയ്യയുടെ ഓരോ അംശവുമെങ്കില്‍ അതിന്റെ ആത്മാവായിരുന്നു താജുല്‍ ഉലമ. പണ്ഡി ലോതകത്തെ ആ മഹാ വിളക്കില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ചാണ് നൂറുല്‍ ഉലമ സഅദിയ്യയെ നാല് പതിറ്റാണ്ട് കാലം കാത്ത് സൂക്ഷിച്ച് നമുക്ക് കൈമാറിയത്.
   കണ്ണിയത്ത് ഉസ്താദായിരുന്നു താജുല്‍ ഉലമയുടെ മഹാഗുരു. കണ്ണിയത്തിന്റെ അനുഗ്രഹാശിസ്സുകളോടെയായിരുന്നു ഓരോ ചലനങ്ങളും. പ്രതിസന്ധിവേളകളില്‍ തങ്ങള്‍ വാഴക്കാട്ട് പോയി ഉസ്താദിന്റെ അനുഗ്രഹവും സമ്മതവും വാങ്ങിവരും. 1989ല്‍ സമസ്ത രണ്ടായി മാറുകയും താജുല്‍ ഉലമയും കണ്ണിയത്ത് ഉസ്താദും രണ്ടു ഭാഗത്തേക്കാണെന്ന പ്രചാരണം ശക്തമാവുകയും ചെയ്തപ്പോഴും കണ്ണിയത്ത് ഉസ്താദ് പ്രിയ ശിഷ്യന് എല്ലാ ആശീര്‍വാദവും നല്‍കി ഒപ്പം നിന്നു.
ഉള്ളാള്‍ തങ്ങളുടെ ഭൗതിക ശരീരം മണ്ണിലേക്ക് മടങ്ങിയത് കണ്ണിയത്ത് ഉസ്താദ് വഫാത്തായ റബീഉല്‍ ആഖിര്‍ രണ്ടിനാണ്.  ഒരു കാലഘട്ടത്തിന്റെ ഇതിഹാസമെഴുതിയ പണ്ഡിതകേസരികളുടെ വിയോഗ ദിനം ഒരുമാസം തൊട്ടടുത്ത ദിനങ്ങളിലായി വന്നത് യാദൃശ്ചികമാവാന്‍ വഴിയില്ല. റബീഉല്‍ ആഖിര്‍ ഒന്നിന് താജുല്‍ ഉലമയുടെ വിയോഗം, രണ്ടിന് കണ്ണിയത്ത് ഉസ്താദ്, മൂന്നിന് ശംസുല്‍ ഉലമ. അവസാനം നൂറുല്‍ ഉലമ.  റബീഉല്‍ ആഖിറില്‍ വിട ചൊല്ലിയ മുന്‍ഗാമികളായ മഹത്തുക്കള്‍ക്കൊപ്പം അനുസ്മരണ പ്രാര്‍ത്ഥനകള്‍ ഇവര്‍ക്ക് ഒന്നിച്ചു ലഭിക്കുകയാണ് ഇതിലൂടെ...

തങ്ങള്‍ക്ക് ഇത്രമേല്‍ മഹത്വം ലഭിക്കാന്‍ കാരണം പലതാണ്. നബി(സ) തങ്ങളുടെ മുപ്പത്തിയെട്ടാമത്തെ പൗത്രന്‍ കൂടിയായ ഉള്ളാള്‍ തങ്ങള്‍ കേരളത്തില്‍ ജീവിച്ചിരുന്ന സയ്യിദുമാരില്‍ പ്രായം ചെന്ന പണ്ഡിതരും നേതാവുമായിരുന്നു. ബുഖാറയില്‍ നിന്നും വിജ്ഞാനവെളിച്ചവുമായി വന്ന ബുഖാരി സാദാത്തീങ്ങളില്‍ പ്രമുഖന്‍. ഒരു നൂറ്റാണ്ടിനോടടുത്ത കര്‍മ്മസാഫല്യം. ജീവിത വിശുദ്ധിയുടെ പര്യായം. ആദര്‍ശകാര്യത്തില്‍ അഡ്ജസ്റ്റുമെന്റുകള്‍ക്ക് തയ്യാറാകാതിരുന്ന നേതാവ്. അല്ലാഹുവിനെയല്ലാതെ ഒരു സൃഷ്ടിയെയും ഭയക്കാതെ ജീവിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചു.
ഉള്ളാള്‍ തങ്ങളുടെ സാന്നിധ്യവും പ്രാര്‍ത്ഥനയും സ്ഥൈര്യവും അനേകായിരങ്ങള്‍ക്ക് ആവേശം പകര്‍ന്നു. പണ്ഡിതരെ സംഘടിതരാക്കുന്നതിലും മദ്രസകളെ ആധുനികവത്കരിക്കുന്നതിലും മതാധ്യാപകരെ പ്രാപ്തരാക്കുന്നതിലും കാന്തപുരത്തിനും നൂറുല്‍ ഉലമക്കുമൊപ്പം താജുല്‍ ഉലമയുടെ നേതൃത്വമുണ്ടായിരുന്നു. കേരളത്തില്‍ കഴിഞ്ഞ നാല്‍പതാണ്ടുകള്‍ക്കിടയില്‍ ജീവിച്ച പ്രമുഖരെല്ലാം ഞങ്ങളുടെ നേതാവ് എന്ന് ഉള്ളാള്‍ തങ്ങളെ അഭിസംബോധന ചെയ്തത് വെറുതെയല്ല. എല്ലാവര്‍ക്കും താങ്ങും തണലുമായാണ് തങ്ങള്‍ ജീവിച്ചത്. സ്‌നേഹം പകര്‍ന്നും ശാസനയിലൂടെയും സമൂഹത്തെ സത്വഴിയിലേക്ക് കൈപിടിച്ചു നടത്തുകയായിരുന്നു തങ്ങള്‍.
നേതൃഗുണം കൊണ്ട് അനുഗ്രഹീതമായിരുന്നു തങ്ങളുടെ ബുഖാരി കുടുംബം. ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ യമനിലെ ഹളര്‍മൗത്തില്‍നിന്നും കേരളത്തിലെത്തിയ അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങളുടെ പിന്‍തലമുറയിലാണ് ഹിജ്‌റ 1341 റബീഉല്‍ അവ്വല്‍ 25 വെള്ളിയാഴ്ച കോഴിക്കോട് ഫറോഖിനു സമീപം കരുവന്‍തുരുത്തിയില്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി കുഞ്ഞിക്കോയ തങ്ങള്‍ ജനിക്കുന്നത്. പിതാവ് സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ നാടു മുഴുവന്‍ അംഗീകരിക്കുന്ന മഹാനാണ്. അതുപോലെ പുകള്‍പെറ്റതായിരുന്നു മാതാവും. കൊന്നാര് തങ്ങള്‍മാരില്‍ അഗ്രഗണ്യനായ അഹ്മദ് കുഞ്ഞു തങ്ങള്‍ ബുഖാരിയുടെ മകന്‍ അബ്ദുര്‍റഹ്മാന്‍ ബുഖാരിയുടെ മകള്‍ ഹലീമ കുഞ്ഞി ബീവിയാണ് ഉള്ളാള്‍ തങ്ങളുടെ മാതാവ്.
      കൊച്ചുപ്രായത്തില്‍ തന്നെ ആത്മീയ പഠനത്തില്‍ മുഴുകി. കരുവന്‍തുരുത്തിയിലെ പുത്തന്‍വീട്ടില്‍ മുഹമ്മദ് മുസ്ലിയാരില്‍നിന്ന് പ്രാഥമിക പഠനം. പൊന്നനായിലെ കൊടിമ്പിയകത്ത് മുഹമ്മദ് മുസ്ലിയാര്‍, പറവണ്ണ മൊയ്തീന്‍ മുസ്ലിയാര്‍, കോടമ്പുഴ മുഹമ്മദ് മുസ്ലിയാര്‍, അവറാന്‍ മുസ്ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍, കടേരി അബ്ദുല്‍ കമാല്‍ മുസ്ലിയാര്‍, തൃക്കരിപ്പൂര്‍ തങ്കയം ബാപ്പു മുസ്ലിയാര്‍, ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്രത്ത് തുടങ്ങിയ ഉന്നതശീര്‍ഷരായ പണ്ഡിതരില്‍ നിന്ന് നീണ്ട രണ്ടു പതിറ്റാണ്ടിന്റെ വിജ്ഞാനതപസ്യ. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ഉന്നത റാങ്കോടെ പൊതുരംഗത്തേക്ക്.
തെന്നിന്ത്യയുടെ അജ്മീറെന്നറിയപ്പെടുന്ന ഉള്ളാള്‍ ദര്‍ഗാ മസ്ജിദില്‍ സേവനം തുടങ്ങിയ തങ്ങള്‍ മുദരീസും പ്രിന്‍സിപ്പലുമായി ആറു പതിറ്റാണ്ടിന്റെ സേവനം. ആയിരക്കണക്കായ ശിഷ്യഗണങ്ങള്‍. അവരില്‍ ആലിക്കുഞ്ഞി ഉസ്താദ്, ബേക്കല്‍ ഉസ്താദ് തുടങ്ങി ഉന്നത പണ്ഡിതരായ ഒരുപാട് ശിഷ്യന്മാര്‍.... അവരുടെ ശിഷ്യന്മാരും മറ്റുമായി നാലു പണ്ഡിത തലമുറ. മശാഇഖുമാരില്‍ നിന്ന് ലഭിച്ച ത്വരീഖത്തുകള്‍ ആയിരങ്ങള്‍ക്ക് പകര്‍ന്നു നല്‍കാനും തങ്ങള്‍ തയ്യാറായി. അതുവഴി ആയിരക്കണക്കിനു ആത്മീയ ശിഷ്യഗണങ്ങളും അനുയായികളും തങ്ങള്‍ക്ക് സ്വന്തം.
    
സര്‍വ്വാദരണീയനും നയതന്ത്രനുമായ നേതാവ്. വിവിധ പ്രശ്‌നങ്ങളുമായി തങ്ങളുടെ മുമ്പിലെത്തിയവര്‍ക്ക് വെറുംകയ്യോടെ തിരിച്ചുപോകേണ്ടിവന്നില്ല. ഭാരങ്ങള്‍ ഇറക്കിവെക്കാന്‍ ഒരു അഭയകേന്ദ്രമായി അവര്‍ തങ്ങളെ കണക്കാക്കി. സാധാരണക്കാര്‍ മുതല്‍ മുഖ്യമന്ത്രിമാരും രാജ്യത്തിന്റെ പ്രധാനമന്ത്രിമാരും തങ്ങള്‍ക്ക് മുഖം കാണിക്കാന്‍ കാത്തുനിന്നു. ഐക്യത്തിന്റെ നയതന്ത്ര അംബാസഡറായി തങ്ങള്‍ വര്‍ത്തിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കൂടുതല്‍ സജീവത പകരാന്‍ താജുല്‍ഉലമയുടെ നായകത്വം സഹായകമായി. 1956 ല്‍ തങ്ങള്‍ സമസ്തയിലേക്ക് കടന്നുവന്നത് മുതല്‍ എന്നും മുന്‍തൂക്കം ആ സയ്യിദിന്റെ ശബ്ദത്തിനായിരുന്നു. എസ് വൈ എസ് രൂപീകരണം, വിദ്യാഭ്യാസ ബോര്‍ഡിന്റെ വികാസം, എസ് എസ് എഫിന്റെ ഉത്ഭവം തുടങ്ങിയവയിലെല്ലാം ഉള്ളാള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വലിയ വിലയാണുണ്ടായിരുന്നത്.
   
1971 ല്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ ജംഇയ്യത്തുല്‍ ഉലമ  തുടങ്ങിവെച്ച മതഭൗതിക സമന്വയ വിദ്യാഭ്യാസ ആശയത്തിനു പിന്നില്‍ താജുല്‍ ഉലമയുടെയും നൂറുല്‍ ഉലമയുടെയും കരങ്ങളാണുണ്ടായിരുന്നത്. ജാമിഅ സഅദിയ്യ, മര്‍കസ് തുടങ്ങിയ സ്ഥാപനങ്ങളിലൂടെ പിന്നീടത്  എം.എ. ഉസ്താദിന്റെയും കാന്തപുരം ഉസ്താദിന്റെയും നേതൃത്വത്തില്‍ അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിച്ചിരിക്കുകയാണ്.
കേരളത്തില്‍ മാത്രം അഞ്ഞൂറിലേറെ സ്ഥാപനങ്ങള്‍, അധിക സ്ഥാപനങ്ങളുടെയും ഉപദേശകനോ നായകനോ ആയി തങ്ങള്‍ മുമ്പിലുണ്ടായിരുന്നു. മലബാറിന്റെ അഭിമാനമായ സഅദിയ്യ കല്ലട്ര ഹാജി കൈമാറിയത് താജുല്‍ ഉലമയുടെ കരങ്ങളിലേക്കായിരുന്നു. അന്നുമുതല്‍ വഫാത്ത് വരെ നാലു പതിറ്റാണ്ടുകാലം ഉള്ളാള്‍ തങ്ങളുടെ കരങ്ങളില്‍ സഅദിയ്യ സുഭദ്രമായി മുന്നേറി.
   
നേതൃഗുണവും സൗമ്യ ശീലവും കൊണ്ട് പുകള്‍പെറ്റവരായിരുന്നു തങ്ങളുടെ കുടുംബം. അമ്മാവനായ സയ്യിദ് ബീച്ചാന്‍കുട്ടി തങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ മിന്നുന്ന താരമാണ്. തങ്ങള്‍ എന്ന പദംപോലും ഉച്ചരിക്കാന്‍ ബ്രിട്ടീഷുകാര്‍ പേടിമൂലം അനുവദിക്കാത്ത കാലത്ത് അധിനിവേശങ്ങള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ പൂര്‍വികരുടെ പാരമ്പര്യവുമായാണ് ആധുനികതയുടെ അധിനിവേശനീക്കങ്ങള്‍ക്കെതിരെ ഉള്ളാള്‍ തങ്ങള്‍ പടനയിച്ചത്.                  

തങ്ങളുടെ ആറാമത് ഉറൂസ് മുബാറക് ഡിസംബര്‍ 29, 30 ജനുവരി 1 തിയ്യതികളില്‍  നടക്കുമ്പോള്‍ തലമുറകള്‍ക്ക് കരുത്തായി ആദര്‍ശ ധീരതയുടെ കഥകളുറങ്ങുന്ന എട്ടിക്കുളത്ത് ഒരിക്കല്‍ കൂടി ആദര്‍ശ സമൂഹം ഒത്തു കൂടുകയാണ്.

പി.ബി. ബഷീര്‍, പുളിക്കൂര്‍


SHARE THIS

Author:

0 التعليقات: