Friday, 8 November 2019

മഹാരാഷ്ട്രയില്‍ അനുനയ നീക്കവുമായി ബി.ജെ.പി; ഉദ്ധവ് താക്കറെയെ കാണാന്‍ ദൂതനെ അയച്ചു

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ കാലാവധി അവസാനിക്കാനിരിക്കെ മുഖം തിരിച്ചു നില്‍ക്കുന്ന ശിവസേനയെ അനുനയിപ്പിക്കാന്‍ ശ്രമവുമായി ബി.ജെ.പി. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായ സംസാരിക്കാന്‍ മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനും തീവ്ര ഹിന്ദുത്വ നിലപാടുകാരനുമായ സാംഭജി ഭിദേയെ ചുമതലപ്പെടുത്തി. 

എന്നാല്‍, സംഭജിയ്ക്ക് താക്കറെയെ കാണാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഭിദേ എത്തിയപ്പോള്‍ താക്കറെ വസതിയില്‍ ഉണ്ടായിരുന്നില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഭിദേയുടെ വരവ് പ്രതീക്ഷിച്ചിരുന്നതല്ലെന്നും അവര്‍ പറഞ്ഞു. ദേവേന്ദ്ര ഫഡ്നാവിസുമായി വളരെ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് 85 കാരനായ ഭിദേ. മുന്‍ ആര്‍.എസ് പ്രവര്‍ത്തകനായിരുന്ന ഭിദേ, പിന്നീട് ശിവ് പ്രതിഷ്ത്താന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടന രൂപീകരിച്ചു.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍, താന്‍ മഹാരാഷ്ട്രയില്‍ മദ്ധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഗഡ്കരി തന്നെ രംഗത്തെത്തി. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും താന്‍ മോഹന്‍ ഭാഗവതുമായി സംസാരിച്ചത് മഹാരാഷ്ട്ര വിഷയമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി തര്‍ക്കത്തിലാണ് ശിവസേനയും ബി.ജെ.പിയും. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാല്‍ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്. മുഖ്യമന്ത്രി പദം, അധികാരത്തില്‍ തുല്യ പങ്കാളിത്തം എന്നീ നിര്‍ദ്ദേശങ്ങളാണ് ശിവസേന മുന്നോട്ട് വച്ചത്.


SHARE THIS

Author:

0 التعليقات: