Tuesday, 26 November 2019

ജിഎസ്ടി നഷ്ടപരിഹാരതുക: കേന്ദ്രം നല്‍കേണ്ടത് 2900 കോടി; കേരളം സുപ്രീം കോടതിയിലേക്ക്


തിരുവനന്തപുരം: ജിഎസ്ടി നിയമം വ്യവസ്ഥ ചെയ്തിട്ടുള്ള ദ്വൈമാസ നഷ്ടപരിഹാരതുകയുടെ ഒക്ടോബറിലെ തവണ ഇനിയും കേന്ദ്രസര്‍ക്കാര്‍ നല്‍കിട്ടില്ല. കേരളത്തിന് 1600 കോടിയാണ് ലഭിക്കാനുള്ളത്. കേന്ദ്രനികുതിയില്‍നിന്നുള്ള സംസ്ഥാനവിഹിതത്തിന്റെ മാസതവണയായ 1300 കോടിയും ലഭിക്കാനുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം നിഷേധിക്കുന്നതിനെതിരെ കേരളം മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ ധാരണയായി.

മാന്ദ്യത്തിന്റെ പേരില്‍ 1,75,000 കോടി കോര്‍പറേറ്റ് നികുതിഇളവ് പ്രഖ്യാപിച്ചപ്പോള്‍, സംസ്ഥാനവിഹിതമാണ് അനിശ്ചിതത്വത്തിലായത്. കോര്‍പറേറ്റ്നികുതി ഉള്‍പ്പെട്ട കേന്ദ്രനികുതിയുടെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്കുള്ളതാണ്. കേരളത്തിന് 5370 കോടിയുടെ കുറവുണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്. സഹകരിക്കാന്‍ തയ്യാറാകുന്ന സംസ്ഥാനങ്ങളെയും ഒപ്പംകൂട്ടിയുള്ള നിയമനടപടികള്‍ക്ക് കേരളം മുന്‍കൈ എടുക്കും. തുടര്‍നടപടികള്‍ക്കും, മറ്റ് സംസ്ഥാനങ്ങളുമായുള്ള ആശയവിനിമയത്തിനും  ഏകോപനചുമതല ടാക്സസ് കമീഷണര്‍ക്കായിരിക്കും.

ഈ വര്‍ഷത്തെ കേരളത്തിന്റെ അനുവദനീയ വായ്പയില്‍ 6645 കോടി കേന്ദ്രം വെട്ടിക്കുറച്ചു. ഇതോടെ വായ്പ എടുക്കലും പ്രയാസത്തിലായി. എല്ലാവിധ ചെലവും ചുരുക്കിയിട്ടും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഇതേ സ്ഥിതിയിലാണ് മിക്ക സംസ്ഥാനങ്ങളും. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി മന്ത്രിതലസമിതിക്കുശേഷം വിഷയത്തില്‍ ഒരുമയോടെ നില്‍ക്കാന്‍ കേരളം, പശ്ചിമ ബംഗാള്‍, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍ ധനമന്ത്രിമാര്‍ തീരുമാനിച്ചിരുന്നു.


SHARE THIS

Author:

0 التعليقات: