Saturday, 9 November 2019

ഉപ്പളയില്‍ തീവണ്ടി തട്ടി മരിച്ചത് കുമ്പളയില്‍ നിന്ന് കാണാതായ യുവാവ്

ഉപ്പള: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം തീവണ്ടി തട്ടിമരിച്ചത് കുമ്പള കുണ്ടങ്കരടുക്കയിലെ മണി എന്ന മനീഷാ(20)ണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഉപ്പള റെയില്‍വേ ട്രാക്കിലാണ് തല പിളര്‍ന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആദ്യം ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച രാത്രി ബന്ധുക്കള്‍ കുമ്പള പൊലീസ് സ്റ്റേഷനില്‍ കാണാതായതുസംബന്ധിച്ച് പരാതി നല്‍കാനെത്തിയപ്പോഴാണ് ഉപ്പളയില്‍ തീവണ്ടി തട്ടിമരിച്ചതായുള്ള സൂചന പൊലീസ് അറിയിച്ചത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. വസ്ത്രങ്ങള്‍ നോക്കിയാണ് ആളെ തിരിച്ചറിഞ്ഞത്. ഗുരുവപ്പയുടേയും ബേവിയുടേയും മകനാണ്.

മംഗളൂരുവില്‍ ലൈറ്റ് ആന്റ് സൗണ്ട്‌സ് കടയില്‍ ജീവനക്കാരനായ ഇയാള്‍ നവംബര്‍ മൂന്നിനാണ് വീട്ടില്‍ വന്ന് മടങ്ങിയത്. അഞ്ചാം തീയ്യതി തിരിച്ചെത്തുമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നുവത്രെ. എന്നാല്‍ പറഞ്ഞ പ്രകാരം ചൊവ്വാഴ്ച വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫോണ്‍ അറ്റന്റ് ചെയ്തില്ലത്രെ. നിരന്തരം വിളിച്ചിട്ടും പ്രതികരണമില്ലായ്കയാല്‍ വ്യാഴാഴ്ച ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.


SHARE THIS

Author:

0 التعليقات: