കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സര്‍വകലാശാലകളിലെ മാര്‍ക്കു ദാന വിഷയത്തില്‍ സുതാര്യ അന്വേഷണവും വാളയാര്‍ കേസില്‍ സിബിഐ അന്വേഷണവും ആവശ്യപ്പെട്ട്  കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ. സംഭവത്തില്‍ ഷാഫി പറമ്പില്‍ എം എല്‍ എ അടക്കമുള്ള നേതാക്കള്‍ക്ക് പരുക്കേറ്റതില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ കെ എസ് യു ബുധനാഴ്ച വിദ്യഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

പാളയത്തു നിന്നാരംഭിച്ച മാര്‍ച്ച് നിയമസഭക്കു മുമ്പില്‍ പോലീസ് തടയുകയായിരുന്നു. കെ എസ് ശബരീനാഥ് എംഎല്‍എ പ്രസംഗിച്ചു കൊണ്ടിരിക്കെ പ്രവര്‍ത്തകര്‍ അക്രമാസക്തരായി. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

രണ്ടുതവണ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചതോടെ സമരക്കാര്‍ കൊടികെട്ടിയ കമ്പുകളും കല്ലുകളും പോലീസിനു നേരെ വലിച്ചെറിഞ്ഞു. എംജി റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റു ചെയ്തു വാഹനത്തില്‍ കയറ്റി കൊണ്ടു പോകുന്നതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് വീണ്ടും സംഘര്‍ഷം സൃഷ്ടിച്ചു. പോലീസ്  കെ എസ് യു പ്രവര്‍ത്തകരെ ക്രൂരമായി തല്ലി. ഇതു തടയുന്നതിനിടയിലാണ്  ഷാഫിക്കും അഭിജിത്തിനും മര്‍ദ്ദനമേറ്റത്.

മാര്‍ച്ചിനുനേരെ പോലീസ് അകാരണമായാണ് അക്രമം അഴിച്ചുവിട്ടതെന്ന് കെ എസ് യു ആരോപിച്ചു.  വരും ദിവസങ്ങളില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ തലയ്ക്കും കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തിന് കൈക്കും ആണ് പരിക്കേറ്റത്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍