Saturday, 2 November 2019

ആശയമാണ് വലുത്, ശിവസേനയുമായി ഒരുതരത്തിലും യോജിക്കാനാകില്ല; നിലപാട് വ്യക്തമാക്കി സോണിയാ ഗാന്ധി


ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേനയുമായി യാതൊരു തരത്തിലുള്ള നീക്കുപോക്കുമില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി. സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ബി.ജെ.പിയുമായി ഇടഞ്ഞ ശിവസേനയെ എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം പുറത്തു നിന്ന് പിന്തുണച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ നിലപാട് വ്യക്തമാക്കിയത്. 

നേരത്തെ, എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാറും തങ്ങള്‍ പ്രതിപക്ഷത്തിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തെ, മഹാരാഷ്ട്രയില്‍ നിന്നുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ സഖ്യത്തിനായി ഹൈക്കമാന്‍ഡില്‍ ചരടുവലി നടത്തിയിരുന്നു. വിഷയം മഹാരാഷ്ട്ര കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ബാലസാഹിബ് തോറത്, മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, മുതിര്‍ന്ന നേതാക്കളായ വിജയ് വഡ്ഡെതിവാര്‍, മണികര്‍ണ റാവു താക്കറെ തുടങ്ങിയവര്‍ സോണിയയുമായി ചര്‍ച്ച നടത്തിയിരുന്നു. 

ശിവസേന ആശയപരമായ ഏറെ വ്യത്യാസമുള്ള ശിവസേസനയുമായി ഒരു തരത്തിലും യോജിക്കാനാകില്ല എന്നാണ് സോണിയ മഹാരാഷ്ട്ര നേതാക്കളെ അറിയിച്ചിട്ടുള്ളത്. നിലവില്‍ സംസ്ഥാനത്ത് നടക്കുന്നത് അധികാരത്തര്‍ക്കമാണെന്നും തത്വശാസ്ത്രപരമായ ഒരു കാര്യവും അതിലില്ലെന്നും സോണിയ നേതാക്കളെ അറിയിച്ചിട്ടുണ്ട്. രാമക്ഷേത്രം, ഏകസിവില്‍ കോഡ്, ഭരണഘടനയുടെ 370-ാം വകുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസുമായി സമ്പൂര്‍ണ എതിരഭിപ്രായമുള്ള കക്ഷിയാണ് ശിവസേന. 

ബാബരി മസ്ജിദ് തകര്‍ത്ത വേളയില്‍ അതിന്റെ ഉത്തരവാദിത്വം ആദ്യമായി ഏറ്റെടുത്ത നേതാക്കളില്‍ ഒരാള്‍ അന്തരിച്ച ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെ ആയിരുന്നു. 
അതിനിടെ, മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന വിരട്ടല്‍ തങ്ങളോട് വേണ്ടെന്ന് ശിവസേന പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണ തീരുമാനത്തില്‍ കാത്തിരുന്നു കാണൂവെന്നും സേന പ്രതികരിച്ചു. 

എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാറുമായി പാര്‍ട്ടി തലവന്‍ ഉദ്ധവ് താക്കറെ ഫോണില്‍ സംസാരിച്ചതിനു പിന്നാലെയാണ് മുഖപത്രമായ സാംനയില്‍ സേനയുടെ മുന്നറിയിപ്പ്. നവംബര്‍ ഏഴിനകം സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകും എന്ന് ധനമന്ത്രിയും ബി.ജെ.പി നേതാവുമായ സുധീര്‍ മുന്‍ഗന്‍തിവാര്‍ ആണ് പറഞ്ഞിരുന്നത്. രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം വേണമെന്ന സേനയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


SHARE THIS

Author:

0 التعليقات: