Thursday, 28 November 2019

ഉപമുഖ്യമന്ത്രി പദം എന്‍.സി.പിക്ക്, സ്പീക്കര്‍ കോണ്‍ഗ്രസിന്; ഉദ്ധവിന്റെ സത്യപ്രതിജ്ഞ ഇന്ന്


മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 6.45ന് ശിവജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ. മഹാരാഷ്ട്രയില്‍ ഒരു ഉപമുഖ്യമന്ത്രിയേ ഉണ്ടാകൂവെന്നും അത് എന്‍.സി.പിയില്‍ നിന്നായിരിക്കുമെന്നും എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സംയുക്ത യോഗത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. 

സ്പീക്കര്‍ പദവി കോണ്‍ഗ്രസിനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ, ഉദ്ധവ് മന്ത്രിസഭയില്‍ എന്‍.സി.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമായി രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉദ്ധവിനൊപ്പം ഉപമുഖ്യമന്ത്രിയും മന്ത്രിമാരും അധികാരമേല്‍ക്കും.മൂന്ന് പാര്‍ട്ടികളില്‍നിന്നും രണ്ടുവീതം മന്ത്രിമാരാകും മുഖ്യമന്ത്രിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. 

നേതാവിന്റെ കാറില്‍ 20 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ഒരു ശിവസേന മുഖ്യമന്ത്രിയുണ്ടാകുന്നത്. താക്കറെ കുടുംബത്തില്‍നിന്ന് അധികാരത്തിലെത്തുന്ന ആദ്യ വ്യക്തിയാണ് ഉദ്ധവ്. മന്ത്രിസഭാവികസനം വിശ്വാസവോട്ടെടുപ്പിന് ശേഷമേ ഉണ്ടാവുകയുള്ളു. 1966ല്‍ ബാല്‍താക്കറെ ശിവസേനയ്ക്ക് ജന്മംനല്‍കിയ ദാദറിലെ ശിവജി പാര്‍ക്കിലാണ് മകന്‍ ഉദ്ധവിന്റെ സത്യപ്രതിജ്ഞ. അതും ഇത്രനാള്‍ കൂടെനിന്ന ബി.ജെ.പിയില്‍ നിന്ന് വേര്‍പിരിയുകയും ശത്രുപക്ഷത്തായിരുന്ന കോണ്‍ഗ്രസിന്റെ പിന്തുണയിലുമാണെന്നത് ശ്രദ്ധേയം. 

രാഹുല്‍ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും. പതിനായിരംപേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പാര്‍ക്കില്‍ രണ്ടായിരം പൊലീസുകാരെ വിന്യസിച്ചു. കനത്ത സുരക്ഷയിലാണ് മുംബൈ നഗരം. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ധവ് താക്കറെ ക്ഷണിച്ചിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: