Monday, 25 November 2019

മഹാരാഷ്ട്ര : വിശ്വാസവോട്ടെടുപ്പില്‍ സുപ്രീംകോടതി ഉത്തരവ് ചൊവ്വാഴ്ച രാവിലെ 10.30ന്


ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ നിയമിച്ചത് ചോദ്യം ചെയ്ത്  ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ചൊവ്വാഴ്ച വിധി പറയും. രാവിലെ 10.30 ന് കേസില്‍ വിധി പ്രസ്താവിക്കുമെന്ന് കോടതി വ്യക്തമാക്കി. 

ജസ്റ്റിസുമാരായ എന്‍വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ഫഡ്നാവിസിനോട് ഉടന്‍ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടണമെന്ന് പ്രതിപക്ഷകക്ഷികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതിപക്ഷത്തിന്റെ അഭിഭാഷകരുടെ വാദം ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും എതിര്‍ത്തു. എത്രസമയത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നത് ഗവര്‍ണറുടെ വിവേചനാധികാരമാണ്. മാത്രമല്ല, സ്പീക്കറെ തെരഞ്ഞെടുത്തതിന് ശേഷം മാത്രമേ വിശ്വാസ വോട്ടെടുപ്പ് നടത്താനാകൂ എന്നും റോത്തഗി ചൂണ്ടിക്കാട്ടി.

എന്നാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി സമയം അനുവദിക്കരുതെന്ന് എന്‍സിപിക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി വാദിച്ചു. സഭയിലെ ഏറ്റവും സീനിയര്‍ ആയ എംഎല്‍എയെ പ്രോട്ടെം സ്പീക്കറായി നിയമിച്ച് ഫഡ്നാവിസ് സര്‍ക്കാറിനെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടണമെന്ന് ആണ് സിങ് വി വാദിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങളും മറുപടിയും നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസില്‍ വിധി പറയാന്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റി.


SHARE THIS

Author:

0 التعليقات: