Sunday, 10 November 2019

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും ബിജെപി പിന്‍മാറി

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും ബിജെപി പിന്‍മാറി. കേവല ഭൂരിപക്ഷമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ അറിയിച്ചു. ബിജെപി കോര്‍ കമ്മറ്റി യോഗത്തിന് ശേഷമായിരുന്നു തീരുമാനം. അവസാന നിമിഷവും ശിവസേനയെ അനുനയിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ബിജെപി സര്‍ക്കാര്‍ രൂപീകരണത്തില്‍നിന്നും പിന്‍മാറിയിരിക്കുന്നത്. ശിവസേന പിറകില്‍നിന്നും കുത്തിയതായി ബിജെപി നേതൃത്വം ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട് ബിജെപി.

ശനിയാഴ്ച വൈകിട്ടാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്. ഞായറാഴ്ച രാത്രി എട്ടിനകം മറുപടി നല്‍കാനായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം. മന്ത്രിസഭയില്‍ 50:50 പ്രാതിനിധ്യം വേണമെന്നാണ് ശിവസേനയുടെ ആവശ്യം . മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം ഓരോ പാര്‍ട്ടിക്കും നല്‍കാനാണ് ശിവസേന നിര്‍ദേശം. എന്നാല്‍ ഇതിന് ബിജെപിക്ക് തയ്യാറായില്ല. പതിപക്ഷമായ എന്‍സിപിയോടു കോണ്‍ഗ്രസിനോടും ചേര്‍ന്നു സര്‍ക്കാര്‍ രൂപികരിക്കാനാണ് ശിവസേനയുടെ ശ്രമം.

288 അംഗ നിയമസഭയില്‍ 105 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷത്തിനു 145 പേരുടെ പിന്തുണയാണ് വേണ്ടത്. സ്വതന്ത്രരും ചെറു കക്ഷികളുമടക്കമുള്ള 29 ല്‍ 15 അംഗങ്ങളുടെ പിന്തുണ പാര്‍ട്ടി അവകാശപ്പെടുന്നുണ്ടെങ്കിലും അപ്പോഴും 120 പേരുടെ പിന്തുണ മാത്രമെ ഉണ്ടാകുകയുള്ളു. ശിവസേന- 56, എന്‍സിപി -54, കോണ്‍ഗ്രസ്- 44 എന്നിങ്ങനെയാണ് മറ്റുപാര്‍ട്ടികളുടെ കക്ഷി നില. സര്‍ക്കാര്‍ രൂപീകണത്തില്‍ നിന്നും ബിജെപി പിന്‍മാറിയതോടെ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ബിജെപി - ശിവസേന സഖ്യത്തിനാണ് അവസാനമായിരിക്കുന്നത്.


SHARE THIS

Author:

0 التعليقات: