Tuesday, 26 November 2019

ബിജെപിക്കു തിരിച്ചടി: മഹാരാഷ്ട്രയില്‍ ബുധനാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി ഉത്തരവ്


ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ളള ബിജെപി സര്‍ക്കാര്‍ ബുധനാഴ്ച വിശ്വാസ വോട്ടെടുപ്പു തേടണമെന്ന് സുപ്രീം കോടതി. നടപടികള്‍ മാധ്യമങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്യാന്‍ സംവിധാനമൊരുക്കണമെന്നും ജസ്റ്റിസുമാരായ എന്‍വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു. 

എന്‍സിപിയിലെ അജിത് പവാറിന്റെ പിന്തുണയോടെ ഫഡ്നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ ഉത്തരവിനെതിരെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും സംയുക്തമായി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

കര്‍ണാടക കേസിനു സമാനമായ രീതിയിലാണ് മഹാരാഷ്ട്ര കേസിലും സുപ്രീം കോടതിയുടെ ഉത്തരവ്. നാളെ അഞ്ചു മണിക്കു മുമ്പായി വിശ്വാസവോട്ടെടുപ്പു നടത്തണം. രാവിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്തണമെന്നും ജസ്റ്റിസ് എന്‍വി രമണ നിര്‍ദേശിച്ചു.


ഫഡ്നാവിസിനോട് ഉടന്‍ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടണമെന്നായിരുന്നു പ്രതിപക്ഷകക്ഷികളുടെ വാദം. എന്നാല്‍ പ്രതിപക്ഷത്തിന്റെ അഭിഭാഷകരുടെ വാദം ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും ഗവര്‍ണര്‍ക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും എതിര്‍ത്തു. എത്രസമയത്തിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നത് ഗവര്‍ണറുടെ വിവേചനാധികാരമാണ്. ഇതില്‍ കോടതി ഇടപെടരുത്. മാത്രമല്ല, സ്പീക്കറെ തെരഞ്ഞെടുത്തതിന് ശേഷം മാത്രമേ വിശ്വാസ വോട്ടെടുപ്പ് നടത്താനാകൂ എന്നും റോത്തഗി ചൂണ്ടിക്കാട്ടി.

എന്നാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി സമയം അനുവദിക്കരുതെന്ന് എന്‍സിപിക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി വാദിച്ചു. സഭയിലെ ഏറ്റവും സീനിയര്‍ ആയ എംഎല്‍എയെ പ്രോട്ടെം സ്പീക്കറായി നിയമിച്ച് ഫഡ്നാവിസ് സര്‍ക്കാറിനെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടണമെന്ന് ആണ് സിങ് വി വാദിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങളും മറുപടിയും നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസില്‍ വിധി പറയാന്‍ മാറ്റുകയായിരുന്നു. 


SHARE THIS

Author:

0 التعليقات: