Monday, 25 November 2019

സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് കൊമ്പം കെ പി മുഹമ്മദ് മുസ്ലിയാര്‍ക്ക്


മലപ്പുറം: ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമി നല്‍കുന്ന സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് കൊമ്പം കെ പി മുഹമ്മദ് മുസ്ലിയാര്‍ക്ക്. അറബി ഭാഷക്ക് നല്‍കിയ സേവനവും സംഭാവനയും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. മതഭൗതിക വിദ്യാഭ്യാസം പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്നതിന് അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ പ്രശംസനീയമാണ്. എസ് എസ് എഫ് രൂപീകരിക്കുന്നതിലും വിദ്യാഭ്യാസ കാഴ്ച്ചപ്പാടുകള്‍ നല്‍കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

1947 ഡിസംബര്‍  മൂന്നിനാണ് ജനനം. സ്വാതന്ത്ര്യ സമര സേനാനി കൊട്ടോമ്പാറ മൊകാരിയുടെയും പാലക്കല്‍ ഫാത്തിമയുടെയും മകനാണ്. വേങ്ങര പറമ്പത്ത് കുഞ്ഞിമരക്കാര്‍ മുസ്ലിയാരുടെയും കുമരംപുത്തൂര്‍ എന്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെയും നേതൃത്വത്തില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കി.

 1973 ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം കരസ്ഥമാക്കി. കണ്ണിയ്യത്ത് അഹ്മദ് മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, ശംസുല്‍ ഉലമാ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കുമരംപുത്തൂര്‍ എന്നിവര്‍ പ്രധാന ഉസ്താദുമാരായിരുന്നു.

എടേരം ജുമാ മസ്ജിദില്‍ അധ്യാപനം നടത്തിയതിന് ശേഷം പൊട്ടച്ചിറ അന്‍വരിയ്യയില്‍ അദ്ധ്യാപകനായും പിന്നീട് പ്രിന്‍സിപ്പാലായും സേവനം ചെയ്തു. അതിന് ശേഷം 1996 മുതല്‍ പാലക്കാട് ഹസനിയ്യയുടെ പ്രിന്‍സിപ്പാലായി സേവനം അനുഷ്ടിച്ച് വരുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ മെമ്പര്‍, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, സുന്നി ജംഇയ്യത്തുല്‍ ഉലമാ പാലക്കാട് ജില്ലാ പ്രസിഡന്റ്, ഒറ്റപ്പാലം ഇശാഅത്ത്, കരിമ്പ ദാറുല്‍ ഹസനാത്ത്, മണ്ണാര്‍ക്കാട് മര്‍കസുല്‍ അബ്‌റാര്‍ എന്നീ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, കൊമ്പം ഹിദായ ജനറല്‍ സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ്ലിം മൈനോരിറ്റി എജ്യുക്കേഷന്‍ വൈസ് ചെയര്‍മാന്‍, ഫറൂഖ് റെഡ് ക്രസന്റ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ച് വരുന്നു.


SHARE THIS

Author:

0 التعليقات: