Wednesday, 6 November 2019

രണ്ട് വര്‍ഷത്തിനിടെ 10 കൊല: 'സയനൈഡ് പ്രസാദം' നല്‍കി കൊല നടത്തുന്ന സീരിയല്‍ കില്ലര്‍ അറസ്റ്റില്‍

വിജയവാഡ: സാമ്പത്തിക ലാഭത്തിനായ പത്ത് പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍. ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി എന്ന ശിവയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലായത്. 2018 ഫെബ്രുവരിയ്ക്കും 2019 ഒക്ടോബറിനും ഇടയില്‍ കൃഷ്ണ, ഈസ്റ്റ്-വെസ്റ്റ് ഗോദാവരി ജില്ലകളിലായി പത്ത് കൊലപാതകങ്ങളാണ് ഇയാള്‍ നടത്തിയത്.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ശിവ, തന്റെ ബിസിനസ് പൊളിഞ്ഞതോടെ തനിക്ക് അമാനുഷിക ശക്തികളുണ്ടെന്ന് പ്രചരിപ്പിച്ച് ആളുകളെ പറ്റിക്കാന്‍ ആരംഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. നിധിയുടെയും അമൂല്യ രത്‌നങ്ങളുടെയും പേരിലും സ്വര്‍ണ്ണം ഇരട്ടിയാക്കിത്തരുമെന്ന വാഗ്ദാനം നല്‍കിയുമായിരുന്നു തട്ടിപ്പ്. ഇത്തരത്തില്‍ ആളുകളെ പറ്റിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത ശേഷം സയനൈഡ് അടങ്ങിയ പ്രസാദം നല്‍കി അവരെ കൊല്ലുകയാണ് പതിവ്.

അസ്വാഭാവികത സംശയിക്കാതെ സ്വാഭാവിക മരണം തന്നെയാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇയാള്‍ കൊലപാതകത്തിന് സയനൈഡ് തന്നെ ഉപയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്. മരിച്ചയാളുകളുടെ ശരീരത്തില്‍ സംശയം തോന്നുന്ന വിധത്തില്‍ പ്രകടമായ മാറ്റങ്ങളൊന്നും ഇതു മൂലം ഉണ്ടാകില്ല.. എലൂരുവില്‍ കഴിഞ്ഞ മാസം നടന്ന ഒരു ദുരൂഹ മരണത്തെ തുടര്‍ന്നുണ്ടായ അന്വേഷണമാണ് ശിവ എന്ന സീരിയല്‍ കില്ലറിലേക്ക് പൊലീസിനെ എത്തിച്ചത്.കൊല്ലപ്പെട്ട എല്ലാവരും തന്നെ സയനൈഡ് കലര്‍ന്ന പ്രസാദം കഴിച്ചിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. കൊല്ലപ്പെട്ടവരില്‍ ശിവയുടെ മുത്തശ്ശിയും സഹോദര ഭാര്യയും ഉള്‍പ്പെടുന്നുവെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. നിലവില്‍ നാല് പേരുടെ മരണത്തില്‍ മാത്രമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ശിവ കൊലപ്പെടുത്തിയെന്ന് കരുതുന്ന ബാക്കി ആളുകളുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. 


SHARE THIS

Author:

0 التعليقات: