Monday, 11 November 2019

ശിവസേന കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു; മഹാരാഷ്ട്രയില്‍ ബി.ജെ.പി ഇതര സര്‍ക്കാരിന് കളമൊരുങ്ങുന്നു


ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ശിവസേന എന്‍.സി.പിയുടെ ഉപാധികള്‍ അംഗീകരിച്ചു തുടങ്ങുന്നു. ആദ്യപടിയെന്നോണം ശിവസേനാ നേതാവ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. ശിവസേനയുടെ ഏക കേന്ദ്രമന്ത്രിയായിരുന്നു സാവന്ത്.

ഖനവ്യവസായ വകുപ്പിന്റേതടക്കമുള്ള ചുമതലയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. താന്‍ മന്ത്രിസ്ഥാനം രാജിവെച്ചതായി സാവന്ത് അറിയിക്കുകയായിരുന്നു. മുംബൈ സൗത്തില്‍ നിന്നുള്ള എം.പിയാണ്.

എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കാതെ ശിവസേനയുമായി ചര്‍ച്ചയില്ലെന്ന്  എന്‍.സി.പി വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രിസ്ഥാനവും രാജിവെയ്ക്കണമെന്ന് ഉപാധികളില്‍ പറഞ്ഞിരുന്നു.

തുടര്‍ച്ചയായി രണ്ടാം തവണയാണ് സാവന്ത് എം.പിയായത്. കോണ്‍ഗ്രസിന്റെ പി.സി.സി അധ്യക്ഷന്‍ കൂടിയായ മിലിന്ദ് ദേവ്റയെ ഒരുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സാവന്ത് മുംബൈ സൗത്തില്‍ പരാജയപ്പെടുത്തിയത്.

നേരത്തെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി ബി.ജെ.പിയെ ക്ഷണിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബി.ജെ.പിക്കില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ഗവര്‍ണറെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ശിവസേനയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്.


SHARE THIS

Author:

0 التعليقات: