Thursday, 7 November 2019

ബാബരി മസ്ജിദ്: കോടതിവിധിയെ സംയമനത്തോടെ കാണണം -ഇന്ത്യന്‍ഗ്രാന്റ് മുഫ്തി

കോഴിക്കോട്:  ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ സുപ്രീം കോIടതിയുടെ അന്തിമവിധിയെ സംയമനത്തോടെ കാണണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. നിയമ സംവിധാനത്തെ അംഗീകരിക്കുകയെന്നത് ഇന്ത്യയില്‍ ജീവിക്കുന്ന ഓരോ പൗരന്റെയും കടമയാണ്. 

വിധിയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ പ്രകടങ്ങള്‍ ജനാധിപത്യ സംവിധാങ്ങള്‍ക്കും നിയമ വ്യവസ്ഥക്കും അകത്തുനിന്നുകൊണ്ടാവണം. രാജ്യം ഇന്നുവരെ കണ്ടതില്‍ വെച്ച് നിര്‍ണ്ണായകമായ കേസാണ് ഇത്. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ടു നേരത്തെ വര്‍ഗീയമായ മുതലെടുപ്പുകള്‍ ഉണ്ടായിട്ടുണ്ട് എന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. വിധി ഒരു തരത്തിലും കലാപാന്തരീക്ഷം ഉണ്ടാക്കരുത്. രാജ്യത്ത് നിലനില്‍ക്കുന്ന വിവിധ മതവിശ്വാസികള്‍ക്കിടയിലെ പരസ്പര സൗഹാര്‍ദ്ധം കൂടുതല്‍ സജീവമാകണം. ആഗോള സമൂഹം ഉറ്റുനോക്കുന്ന ഈ കേസിന്റെ വിധിയില്‍ കോടതിവിധിയെ മാനിച്ചുവേണം ഓരോരുത്തരും പ്രവര്‍ത്തിക്കാന്‍. 

വൈകാരികമായിട്ടല്ല വിവേകപൂര്‍വ്വമായാണ് ഈ വിഷയത്തില്‍ ഇടപെടേണ്ടത്. ബാബരി മസ്ജിദ് വിഷയം നമ്മുടെ അഭിമാനപ്രശ്‌നമാണ്. അതുപോലെ ഇന്ത്യയില്‍ സ്വസ്ഥമായും സ്വാതന്ത്രത്തോടെയും ജീവിക്കുക എന്നതും നമുക്ക് അനിവാര്യമാണ്. അതിനാല്‍, എടുത്തുചാട്ടങ്ങള്‍ ഒരാളില്‍ നിന്നും ഉണ്ടാവരുത്. വിധി പ്രസ്താവം വരുന്ന മുറക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിം നേതൃത്വുമായി ബന്ധപ്പെട്ടു പൊതുവായ അഭിപ്രായം രൂപപ്പെടുത്തുമെന്നും, സമാധാനപരമായ അന്തരീക്ഷം രാജ്യത്താകെ നിലനിറുത്താന്‍ സംവിധാനങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഹിന്ദു മതനേതാക്കളുമായി സംസാരിച്ചു സമാധാനാവസ്ഥയും സൗഹാര്‍ദ്ധവും എല്ലായിടത്തും സജീവമാക്കാനുള്ള ഇടപെടലുകള്‍ നടത്തിവരികയാണെന്നും കാന്തപുരം അറിയിച്ചു.


SHARE THIS

Author:

0 التعليقات: