Wednesday, 6 November 2019

യു.എ.പി.എ നിലനില്‍ക്കുന്നു; അലനും താഹയ്ക്കും ജാമ്യം അനുവദിക്കാതെ കോടതി

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത അലന്‍ ഷുഹൈബിനും താഹ ഫസലിനും കോടതി ജാമ്യം അനുവദിച്ചില്ല. യു.എ.പി.എ നിലനില്‍ക്കുന്നതിനാല്‍ ഇരുവര്‍ക്കും ജാമ്യം അനുവദിക്കാനാവില്ല എന്ന് കോടതി വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികള്‍ പുറത്തിറങ്ങിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 

മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശം വെച്ചെന്ന കേസിലാണ് സി.പി.എം പ്രവര്‍ത്തകരായ ഒളവണ്ണ മൂര്‍ക്കനാണ് ത്വാഹ ഫസല്‍ (24), തിരുവണ്ണൂര്‍ പാലാട്ട്‌നഗര്‍ അലന്‍ ഷുഹൈബ് (20) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. 

മാവോയിസ്റ്റ് വേട്ടക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുക എന്ന തലക്കെട്ടില്‍ സി.പി.ഐ.എം മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലുള്ള നോട്ടീസാണ് ഇവരില്‍ നിന്ന് കണ്ടെടുത്തിരുന്നത്. 

താഹ ഫസല്‍ സി.പി.എം പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തില്‍ കോഴിക്കോട് ബ്രാഞ്ചില്‍ പി.ജി വിദ്യാര്‍ത്ഥിയാണ്. മീഞ്ചന്ത സി.പി.എം ബൈപ്പാസ് കമ്മിറ്റി അംഗവും കണ്ണൂര്‍ സര്‍വകലാശാലാ ധര്‍മടം സെന്ററില്‍ രണ്ടാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയുമാണ് അലന്‍ ഷുഹൈബ്.


SHARE THIS

Author:

0 التعليقات: