Monday, 4 November 2019

ഫസല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചു, ഷുഹൈബിന്റെ ബാഗില്‍ നിന്ന് ലഘുലേഖ കണ്ടെടുത്തു- നിയമസഭയില്‍ പിണറായി

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് രണ്ട് യുവാക്കളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിലാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്. 

സഭ നിര്‍ത്തി വച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. 

ഷുഹൈബിന്റ ബാഗില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖയും താഹ ഫസലിന്റെ വീട്ടില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല പുസ്തകവും കണ്ടെടുത്തതായി പിണറായി പറഞ്ഞു. അറസ്റ്റു ചെയ്യാനെത്തിയപ്പോള്‍ ഫസല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. മാവോയിസ്റ്റുകളെ ആട്ടിന്‍ കുട്ടികളായി ചിത്രീകരിക്കേണ്ട കാര്യമില്ല. അട്ടപ്പാടിയില്‍ ഉണ്ടായത് വ്യാജ ഏറ്റുമുട്ടല്‍ അല്ല. കീഴടങ്ങാന്‍ വന്നവരെ അല്ല പൊലീസ് വെടിവച്ചത്- മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, യു.എ.പി.എ പൊലീസ് ദുരുപയോഗം ചെയ്തതായും അദ്ദേഹം പറഞ്ഞു. കരിനിയമം ചുമത്തിയ പൊലീസ് നടപടിയില്‍ സര്‍ക്കാര്‍ വിശദപരിശോധ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 മാവോയിസ്റ്റ് ലഘുലേഖ ഉള്ളതു കൊണ്ടു മാത്രം ഒരാള്‍ മാവോയിസ്റ്റ് ആകുമോ എന്നായിരുന്നു മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യം. അട്ടപ്പാടിയില്‍ മാവോയിസ്റ്റ് നേതാവ് മണിവാസകത്തെ തലയില്‍ വെടിവച്ച് കൊന്നത് ശരിയാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മറ്റുള്ളവരെ പിന്നില്‍ നിന്ന് വെടിവച്ചിടുകയാണ് ചെയ്തത്. ഇപ്പോള്‍ ചിരപുരാതന കമ്യൂണിസ്റ്റ് കുടുംബത്തിലെ കുട്ടികള്‍ക്കെതിരെയാണ് യു.എ.പി.എ ചുമത്തിയിട്ടുള്ളത്- തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. അതിനിടെ, അറസ്റ്റിലായ ഒളവണ്ണ മൂര്‍ക്കനാണ് ത്വാഹ ഫസല്‍ (24) തിരുവണ്ണൂര്‍ പാലാട്ട്‌നഗര്‍ അലന്‍ ഷുഹൈബ് (20) എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. 

യു.എ.പി.എ ചുമത്തിയ നടപടി പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും വ്യക്തമാക്കിയ സ്ഥിതിക്ക് കോടതിയില്‍ പ്രോസിക്യൂഷന്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാവും. വിമര്‍ശനം നിരന്തരം ഉയര്‍ന്നിട്ടും ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അന്വേഷണസംഘം. ഇവര്‍ക്കു വേണ്ടി അഡ്വക്കറ്റ് എം.കെ ദിനേശനാണ് ഹാജരാകുന്നത്.


SHARE THIS

Author:

0 التعليقات: