സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളില്‍ വിദ്യാര്‍ഥിനി ഷഹല ഷെറിന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍. സ്കൂളിന്റെ ശോചനീയാവസ്ഥയും അതികൃതരുടെ വീഴച്ചയും വ്യക്തമായതിനാല്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും പ്രില്സിപ്പാലിനും സസ്പെന്ഷന് നല്കി. സ്കൂള്‍ പി ടി എ പിരിച്ചു വിടാനുമുള്ള നിര്‍ദേശം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കലക്ടര്‍ക്ക് കൈമാറി.
ജില്ലാ ജഡ്ജിയടക്കം സ്കൂളിലെത്തിയതിനു ശേഷം ചേര്‍ന്ന യോഗത്തിന് ശേഷമാണ് പ്രധാനാധ്യാപകര്‍ക്കെതിരെ നടപടിയെടുത്തത്. സ്കൂളിലെ ശോചനീയാവസ്ഥ നേരിട്ട് മനസ്സിലാക്കിയ ശേഷമാണ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് കെ മോഹന്‍ കുമാര്‍ സ്കൂള്‍ പ്രിന്സിപ്പാല് കരുണാകരന് എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സ്കൂള്‍ പി ടി എ പിരിച്ചു വിടാനും നിര്‍ദേശിച്ചു.
ആരോപണ വിധേയനായ അധ്യാപകനെയും താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ടറെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാര്‍ഥി സംഘടനകളും ഡി ഡി ഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് പ്രധാനധ്യാപകര്‍ക്കെതിരെയും നടപടിയെടുത്തത്. വയനാട് കലക്ട്രേറ്റില്‍ എസ് എഫ് ഐ പ്രവര്‍ത്തകരാണ് സമരവുമായി ആദ്യം എത്തിയത്. മുദ്രാവാക്യങ്ങളുമായി കലക്ട്രേറ്റിലെ ഒന്നാം നിലയിലേക്ക് പ്രതിഷേധിച്ചെത്തിയ വനിതകളെയടക്കം പോലീസിന് തടയാനായില്ല. പിന്നാലെയെത്തിയ കെ എസ് എയു പ്രവര്‍ത്തകരുടെയും പ്രതിഷേധം തുടരുകയാണ്.
സ്കൂള്‍ അധികൃതര്‍ക്ക് നേരെ നാട്ടുകാരുടെ വലിയ പ്രതിഷേധമാണ് ഇന്നലെ മുതല്‍ ഉണ്ടായത്. ഇന്നലെ സ്ഥലത്തെത്തിയ ഡി ഡി ഇ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അധ്യാപകനായ ഷിജിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത കാര്യം അറിയിച്ചത്. സംഭവ സമയത്ത് സ്കൂളിലുണ്ടായിരുന്ന മറ്റ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. സംഭവം നടന്ന ക്ലാസ് മുറിയും തൊട്ടടുത്ത മുറിയും താത്കാലികമായി പൂട്ടി. വിദ്യാര്‍ഥികള്‍ ഉന്നയിച്ച സ്കൂളിലെ പരാധീനതകളില്‍ അടിയന്തര നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആരോഗ്യ മന്ത്രി സസ്പെന്‍ഡ് ചെയ്തിരുന്നു. ചികിത്സിയില്‍ പിഴവ് വരുത്തിയെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഡോ. ജിസ് മെറിന് ജോയിയെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താനാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാമ്പുകടിയേറ്റ കുട്ടിക്ക് ആന്റിവെനം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു.
അതേസമയം, സ്കൂള്‍ അധികൃതര്‍ക്കും താലൂക്ക് ആശുപത്രിക്കുമെതിരെ ഗുരുതര ആരോപണവുമായി മരിച്ച വിദ്യാര്‍ഥിനിയുടെ പിതാവ് അഡ്വ. അസീസ് രംഗത്തെത്തി. പാമ്പുകടിയേറ്റതാണന്ന് അറിഞ്ഞിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ സ്കൂള്‍ അധികൃതര്‍ കാലതാമസം വരുത്തിയെന്നും കുട്ടിയെ പാമ്പുകടിച്ചതാണെന്ന് ആശുപത്രി അധികൃതരെ അറിയിച്ചിട്ടും മരുന്ന് നല്കുന്നതില് സാങ്കേതിക ബുദ്ധിമുട്ട് പറഞ്ഞെന്നും അസീസ് ആരോപിച്ചു.
0 التعليقات: