Friday, 6 December 2019

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വെടിവച്ച് കൊന്നു


ഹൈദരാബാദ്:  യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് തീ കൊളുത്തിക്കൊന്ന കേസിലെ നാല് പ്രതികളും കൊല്ലപ്പെട്ടു. ഏറ്റമുട്ടലിനിടെ പ്രതികളെ വെടിവച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നാല് പ്രതികളും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹൈദരാബാദില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 

പൊലീസ് കസ്റ്റഡിയിലായിരുന്ന മുഹമ്മദ് എന്ന് വിളിപ്പേരുള്ള ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്നകേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടയില്‍ പ്രതികള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നെന്നുമാണ് പൊലീസിന്റെ വിശദീകരണം. പ്രതികള്‍ ആക്രമിച്ചപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

കൊലപാതകം പുനരവതരിപ്പിച്ചുള്ള തെളിവെടുപ്പിനിടയിലാണ് പ്രതികള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചത്. കൊലപാതകം നടന്ന ഷംഷാബാദ് ടോള്‍ ഗേറ്റിന് അടുത്തെത്തിയായിരുന്നു തെളിവെടുപ്പ്. പൊലീസുകാരുടെ കൈവശമുണ്ടായിരുന്ന തോക്ക് പിടിച്ചെടുത്ത് പ്രതികള്‍ ആക്രമിക്കുകയായിരുന്നെന്നാണ് തെലങ്കാന പൊലീസിന്റെ വിശദീകരണം. 

നവംബര്‍ 27-ാം തീയ്യതി രാത്രിയാണ് 26കാരിയായ വെറ്ററിനറി ഡോക്ടറെ ക്രൂരമായി കൊല ചെയ്തത്. യുവതിയുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയ പ്രതികള്‍, സഹായിക്കാനെന്ന വ്യാജേന കൂടെക്കൂടി ലോറി പാളയത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. 


SHARE THIS

Author:

0 التعليقات: