ന്യൂഡല്‍ഹി: അയോദ്ധ്യയിലെ തര്‍ക്കഭൂമി ഹിന്ദു കക്ഷികള്‍ക്ക് രാമക്ഷേത്രം വിട്ടു കൊടുക്കാനുള്ളതായിരുന്നു സുപ്രിംകോടതി വിധി. ന്യൂഡല്‍ഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി ഭൂമി തര്‍ക്ക കേസിലെ സുപ്രിംകോടതി വിധിക്കെതിരെ പരമോന്നത കോടതിയിലെ മുന്‍ ന്യായാധിപന് ജസ്റ്റിസ് എ.കെ ഗാംഗുലി.
വിധി കേട്ട് അങ്ങേയറ്റം ഞെട്ടിയെന്നും യുക്തിക്ക് നിരക്കാത്ത വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്റര്‍ സംഘടിപ്പിച്ച ദ കോണ്‍സീക്വന്‍സസ് ഓഫ് അയോദ്ധ്യ ജഡ്ജ്മെന്റ് ഓഫ് ദ സുപ്രിം കോര്‍ട്ട് എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായരുന്നു ജസ്റ്റിസ് ഗാംഗുലി. 18 വര്‍ഷത്തെ എന്റെ ന്യായാധിപ ജീവിതത്തില്‍ ഒരു ജഡ്ജ്മെന്റിന് അനുബന്ധമുള്ളതായി കണ്ടിട്ടില്ല. വിധിപ്പകര്‍പ്പ് വായിച്ച ശേഷം വിധിയുടെ തീര്‍പ്പിലേക്ക് എത്തിയതിന്റെ യുക്തികള്‍ മനസ്സിലായില്ല. എന്നു മാത്രമല്ല, അത് നിഷേധാത്മകവുമായിരുന്നു- അദ്ദേഹം പറഞ്ഞു.
അയോദ്ധ്യയിലെ തര്‍ക്കഭൂമി ഹിന്ദു കക്ഷികള്‍ക്ക് രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടു കൊടുക്കണമെന്നായിരുന്നു സുപ്രിംകോടതി വിധി. മുസ്ലിംകള്ക്ക് പള്ളി പണിയാന്‍ അയോദ്ധ്യയില്‍ അഞ്ചേക്കര്‍ നല്‍കണമെന്നും മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരുന്നു. പള്ളിയില്‍ വിഗ്രഹം കൊണ്ടുവച്ചതും പള്ളി പൊളിച്ചതും തെറ്റാണ് എന്ന് ചൂണ്ടിക്കാട്ടിയ ശേഷമാണ് സ്ഥലം ഹിന്ദു കക്ഷികള്‍ക്ക് വിട്ടു കൊടുക്കാന്‍ കോടതി തീരുമാനിച്ചത്. ഇതിലെ പൊരുത്തക്കേടുകള്‍ നിരവധി പേര് ചൂണ്ടിക്കാണിച്ചിരുന്നു. മസ്ജിദ് നിന്ന സ്ഥലത്ത് ഒരു നിര്‍മിതിയുണ്ടായിരുന്നു, അത് മുസ്ലിം സംസ്കാരവുമായി ബന്ധമുള്ളതല്ല എന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍ കോടതി വിധിയില്‍ എടുത്തു പറഞ്ഞിരുന്നു. എന്നാല്‍ ഇത് തകര്‍ത്താണ് പള്ളി പണിതത് എന്ന് കോടതി പറഞ്ഞിരുന്നില്ല.
വിധി പ്രസ്താവം നടത്തിയ ജഡ്ജിമാരെയല്ല, വിധിയെ ആണ് വിമര്‍ശിക്കുന്നത് എന്ന് ജസ്റ്റിസ് ഗാംഗുലി വ്യക്തമാക്കി. 'ഞാന്‍ ജഡ്ജിമാരെ വിമര്‍ശിക്കുകയല്ല, അവര്‍ പഠിച്ചയാളുകളാണ്. സുപ്രിംകോടതി പറഞ്ഞത് എന്താണോ അതിന്റെ അടിസ്ഥാനത്തില്‍ ഉത്തരങ്ങള്‍ കണ്ടെത്തുകയാണ്. വകുപ്പ് 26 (മതസ്വാതന്ത്ര്യം) കോടതി പരാമര്‍ശിച്ചു പോലുമില്ല. എല്ലാ ആദരവുകളോടെയും പറയട്ടെ, എനിക്ക് ഒത്തുതീര്‍പ്പിലെത്താന്‍ ആകില്ല' - അദ്ദേഹം പറഞ്ഞു. ' 1934 അവിടെ സാമുദായിക സംഘര്‍ഷമുണ്ടായിരുന്നു. അതില്‍ പള്ളിക്ക് കേടുപാടുകള്‍ പറ്റി. ബ്രിട്ടീഷുകാരാണ് അത് നന്നാക്കിയത്. ഹിന്ദുക്കള്‍ക്ക് പിഴയിടുകയും ചെയ്തു. മതേതരത്വം അടിസ്ഥാന വിശേഷണമായി സ്ഥാപിക്കപ്പെട്ട ഭരണഘടനയ്ക്ക് കീഴിലുള്ള സര്‍ക്കാറുകളേക്കാള്‍ നമ്മുടെ കൊളോണിയന്‍ യജമാനന്മാരാണ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചത്' - അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കള്‍ എല്ലായ്പ്പോഴും അനധികൃമായി പള്ളിയില്‍ കടന്നു കയറുകയായിരുന്നു എന്നും പള്ളി പൊളിച്ചതാണോ സ്ഥലം ഹിന്ദുക്കളുടെ ഉടമസ്ഥാവകാശത്തിന് തെളിവ് എന്നും അദ്ദേഹം ചോദിച്ചു. ജസ്റ്റിസ് എ.കെ ഗാംഗുലിക്ക് പുറമേ, ഡല്‍ഹി സര്‍വകലാശാലാ പൊളിറ്റികല്‍ സയന്‍സ് പ്രൊഫസര്‍ നീര ഛന്ദോകെ, സുപ്രിം കോടതി അഭിഭാഷകന് സഞ്ജയ് ഹെഗ്ഡെ എന്നിവരാണ് ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്.
0 التعليقات: