Friday, 6 December 2019

ബാബ്റി ധ്വംസനത്തിനു ഇരുപത്തിയേഴാണ്ട്


ലക്‌നോ: അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ കറുത്ത ദിനമാണ് ഓര്‍മപ്പെടുത്തിക്കൊണ്ട് മറ്റൊരു ഡിസംബര്‍ ആറു കൂടി. മതേതര വിശ്വാസത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന തരത്തിലായിരുന്നു 1992ഡിസംബര്‍ ആറാം തീയതി സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍  അയോധ്യയിലെ ബാബരി മസ്ജിദിനെ തകര്‍ത്തു കളഞ്ഞത്. നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നിസ്സംഗരായി കെട്ടിടം തകര്‍ക്കും വരെ നോക്കി നില്‍ക്കുകയായിരുന്നു. 

ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ അവകാശത്തര്‍ക്ക കേസില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ബാബരി ദിനം. ബാബരി നിലനിന്നി ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുനല്‍കുന്നതായിരുന്നു കഴിഞ്ഞമാസത്തെ വിധി. അയോധ്യയില്‍ തന്നെ മസ്ജിദ് നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി മുസ്ലിം കക്ഷികള്‍ക്ക് നല്‍കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. 

ഈ വിധിയില്‍ ഭൂരിപക്ഷം മുസ്ലിംകളും അതൃപ്തരാണെന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദും കഴിഞ്ഞദിവസം പുനപരിശോധനാ ഹരജി നല്‍കിയിരുന്നു.

മസ്ജിദ് തകര്‍ത്തത് നീതീകരിക്കാനാവില്ലെന്നും ക്രിമിനല്‍ ചെയ്തിയാണെന്നും സുപ്രീംകോടതി അന്തിമ വിധിയില്‍ നിരീക്ഷിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഗൂഡാലോചന നടത്തിയതിന് ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, ഉമാ ഭാരതി അടക്കമുള്ളവര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വിചാരണാ നടപടികള്‍ക്ക് ശക്തിപകരുന്നതാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. ഈ കേസിലാണ് ഇനി ബാബരി മസ്ജിദുമായി ബന്ധപ്പെട്ട ന്യൂനപക്ഷത്തിന് പ്രതീക്ഷയുള്ളതും.


SHARE THIS

Author:

0 التعليقات: