Thursday, 5 December 2019

എഴുത്തുകാരന്റെ അനുഭവങ്ങളറിയാന്‍ അവര്‍ ഒത്തുകൂടി


ബെളിഞ്ച: കേരള  വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളില്‍ നടത്തിവരുന്ന 'പ്രതിഭകള്‍ക്കൊപ്പം'' പരിപാടിയോടനുബന്ധിച്ച് ബെളിഞ്ച എ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും  എന്‍ കെ എം ബെളിഞ്ചയുടെ വസതിയില്‍ ഒത്തുകൂടി.

എഴുത്ത് രംഗത്ത് ശ്രദ്ധേയനായ എന്‍ കെ എം ബെളിഞ്ചയുടെ നേതൃത്വത്തില്‍ ബെളിഞ്ച സ്‌കൂളില്‍ പുറത്തിറക്കിയിരുന്ന മധുരം എന്ന കൈയ്യെഴുത്ത് പത്രത്തിന്റെ മധു വിശേഷങ്ങളറിയാന്‍ എത്തിയ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കിട്ടിയത് ഹൃദ്യമായ അനുഭവങ്ങള്‍.

ബെളിഞ്ച എ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയിരുന്ന 'മധുരം' എന്ന ആഴ്ച പത്രത്തിന്റെ അണിയറ പ്രവര്‍ത്തനത്തില്‍ നിന്നും  നേടിയെടുത്ത പത്രപ്രവര്‍ത്തന പരിചയമാണ് എഴുത്ത് രംഗത്തേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളില്‍ നിന്നും കിട്ടിയ അനുഭവങ്ങളും അറിവുകളും കുട്ടികളുമായി പങ്കുവെച്ചു.



വായനയുടെ പ്രാധാന്യവും എഴുത്തിന്റെ മൂല്യവും അറിയിച്ച അദ്ദേഹത്തിന്റെ നന്ദി പ്രസംഗം കുട്ടികള്‍ക്ക് നവ്യാനുഭവമായി. സ്‌കൂളിനും അധ്യാപകര്‍ക്കും പ്രത്യേക  നന്ദിയും കടപ്പാടും അറിയിച്ച് രചന നിര്‍വഹിച്ച പുസ്തകം സ്‌കൂള്‍ ലൈബ്രറിക്ക് കൈമാറി.
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സൂര്യന്‍ മാഷ് എന്‍ കെ എം ബെളിഞ്ചക്ക് ബൊക്ക നല്‍കി ഷാള്‍ അണിയിച്ച് ആദരിച്ചു.

ചടങ്ങില്‍ സ്‌കൂള്‍ അധ്യാപകരായ രവീന്ദ്രന്‍ നീര്‍ച്ചാല്‍, ജൈഷന്‍ കരിവേടകം,കുട്ടന്‍ നീലേശ്വരം, ഖലീല്‍ ബെളിഞ്ച, നാരായണി ടീച്ചര്‍ നീലേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു.





SHARE THIS

Author:

0 التعليقات: