Tuesday, 10 December 2019

പൗരത്വ ഭേദഗതി ബില്ലിനെതിരെ യു.എസ് ഫെഡറല്‍ കമ്മീഷന്‍; 'ബില്‍ പാസ്സാക്കുന്ന പക്ഷം അമിത് ഷായെ യു.എസ് ഉപരോധിക്കണം'


വാഷിങ്ടണ്‍: ലോക്സഭയില്‍ പാസ്സാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ എതിര്‍പ്പുമായി യു.എസ് ഫെഡറല്‍ കമ്മീഷന്‍. പൗരത്വ ഭേദഗതി ബില്‍ 'തെറ്റായ ദിശയിലേക്കുള്ള അപകടകരമായ വഴിത്തിരി'വാണെന്നായിരുന്നു അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) പറഞ്ഞത്.

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയാല്‍ ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വത്തിന് നിയമപരമായ മാനദണ്ഡം നല്‍കുകയും മുസ്ലീങ്ങളെ ഒഴിവാക്കിക്കൊണ്ട് മറ്റു വിഭാഗത്തിലുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുകയുമാണ് ബില്‍ എന്ന് യു.എസ് ഫെഡറേഷന്‍ പറഞ്ഞു.

തെറ്റായ ദിശയിലേക്കുള്ള അപകടകരമായ വഴിത്തിരിവാണ് പൗരത്വ ഭേദഗതി ബില്‍. ഇത് മതേതര ബഹുസ്വരതയ്ക്കും ഇന്ത്യന്‍ ഭരണഘടനയ്ക്കും എതിരാണ്. ഇന്ത്യന്‍ ഭരണ ഘടന വിശ്വാസത്തിന് പരിഗണന നല്‍കാതെ നിയമത്തിന് മുന്നില്‍ എല്ലാമതത്തിനും തുല്യത ഉറപ്പുനല്‍കുന്നുണ്ട്.

അസമില്‍ നടപ്പിലാക്കിയ ദേശീയ പൗരത്വ പട്ടികയും ഇപ്പോള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പൗരത്വ ഭേദഗതി ബില്ലിലൂടെയും ഒരു മതപരീക്ഷണത്തിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇത്തരമൊരു നീക്കത്തിലൂടെ ദശലക്ഷക്കണക്കിന് വരുന്ന മുസ്ലീം സമുദായങ്ങളുടെ പൗരത്വം നഷ്ടമാകുമോ എന്ന ആശങ്കകൂടി ഉയര്‍ന്നിരിക്കുകയാണ്. - യു.എസ് കമ്മീഷന്‍ പറഞ്ഞു.


SHARE THIS

Author:

0 التعليقات: