Sunday, 1 December 2019

മൂന്നാം ദിനവും കോഴിക്കോട് മുന്നില്‍; പാലക്കാടും കണ്ണൂരും തൊട്ടു പിന്നില്‍

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനം ഇഞ്ചോടിഞ്ച് മത്സരം. 223 ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ ഓരോരോ പോയിന്റ് വ്യത്യാസത്തില്‍ കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. ഒന്നാമതെത്തിയ കോഴിക്കോടിന് 896 പോയിന്റാണുള്ളത്. കഴിഞ്ഞ വര്‍ഷംഅവസാന മത്സരഫലം വരെ  വെല്ലുവിളിയായി കൂടെയുണ്ടായിരുന്ന പാലക്കാട്  തന്നെയാണ് കോഴിക്കോടിന് ഭീഷണി.

ഹൈസ്‌കൂള്‍ അറബിക് കലോത്സവത്തില്‍ കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്,  കാസര്‍കോട് എന്നീ നാല് ജില്ലകളും 90 വീതം പോയിന്റ് നേടി ഒന്നാമതാണ്. സംസ്‌കൃതോത്സവത്തില്‍ എറണാകുളവും തൃശൂരും 65 പോയിന്റുകള്‍ നേടി ഒന്നാമതെത്തി.

ആദ്യ രണ്ടു ദിനങ്ങളിലും മാറി മറിഞ്ഞ പോയിന്റിനൊപ്പം കണ്ണൂരും കോഴിക്കോടുമാണ് ആദ്യ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിരുന്നത്. ഇന്നലെ മത്സരങ്ങളവസാനിച്ചപ്പോള്‍ കോഴിക്കാടിന്റെ മുന്നേറ്റമായിരുന്നു. ഇന്നും ഫലങ്ങളറിഞ്ഞു തുടങ്ങിയതു മുതല്‍ പോരാട്ടത്തിന് വാശി കൂടി. രാവിലെ മുതല്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോഴെല്ലാം കോഴിക്കോടും കണ്ണൂരും തുല്യ പോയിന്റ് പങ്കിടുന്ന കാഴചയായി. എന്നാല്‍, രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പാലക്കാട് ജില്ല ഇരു ടീമുകളെയും മറികടന്ന് ഉച്ചയോടെ ഒന്നാം സ്ഥാനത്തെത്തി. വൈകീട്ടോടെ കോഴിക്കോട് ജില്ല വീണ്ടും ഒന്നാമതെത്തി സ്വര്‍ണക്കപ്പിലേക്കടുത്തു.  ആകെ 239 മത്സരങ്ങളുള്ള കലോത്സവത്തില്‍ ഇനി 16 മത്സര ഫലങ്ങള്‍ മാത്രമാണ് അറിയാനുള്ളത്.


SHARE THIS

Author:

0 التعليقات: