Thursday, 5 December 2019

യെദ്യൂരപ്പയ്ക്ക് നിര്‍ണായകം; കര്‍ണാടകയില്‍ ഇന്ന് ജനവിധി; 15 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്


ബംഗളൂരു: കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് അധികാരത്തില്‍ തുടരണമെങ്കില്‍ ആറ് സീറ്റുകളെങ്കിലും വേണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ യെദ്യൂരപ്പയ്ക്ക് അധികാരം നഷ്ടമാകും. 

അത്താനി, ചിക്ബല്ലാപൂര്‍, ഗോകക്, ഹിരെകേരൂര്‍, ഹോസകോട്ടെ, ഹുനസുരു, കാഗ്‌വാഡ്, കെആര്‍ പുര, കൃഷ്ണരാഹപേട്ടെ, മഹാലക്ഷ്മി ലേ ഔട്ട്, റാണിബെന്നൂര്‍, ശിവാജി നഗര്‍, വിജയനഗര, യെല്ലാപൂര്‍, യശ്വന്ത്പുര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. മറുകണ്ടം ചാടിയതിനാല്‍ അയോഗ്യരാക്കപ്പെട്ട 17 പേരില്‍ 13 പേര്‍ക്കും ബിജെപി അതേ മണ്ഡലങ്ങളില്‍ സീറ്റ് നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി കോണ്‍ഗ്രസിനും ജെഡിഎസ്സിനും ഒപ്പം നിന്നവരാണ് ഇതില്‍ പലരും. 

ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം, നിയമസഭയിലെ അംഗബലം 222 ആയി ഉയരും. കേവല ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ വേണം. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് 100 സീറ്റുകളുണ്ട്. ബിഎസ്പി എംഎല്‍എയുടെ പിന്തുണയും ചേര്‍ന്നാല്‍ 101 ആയി. ഒരു സ്വതന്ത്രനടക്കം ബിജെപിക്ക് 106 പേരുടെ പിന്തുണയാണ് ഇപ്പോഴുള്ളത്.

നിലവില്‍ 207 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണയാണ് യെദ്യൂരപ്പയ്ക്കുള്ളത്. 224 അംഗങ്ങളാണ് കര്‍ണാടക നിയമസഭയിലുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും 17 എംഎല്‍എമാര്‍ രാജിവച്ച് മറുകണ്ടം ചാടി ബിജെപിയിലെത്തിയതോടെയാണ് എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാര്‍ വീണത്. 


SHARE THIS

Author:

0 التعليقات: