Saturday, 7 December 2019

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഇനി കാസര്‍കോട്ട്

കാസര്‍കോട്: പുല്ലുര്‍-പെരിയ- ബേഡഡുക്ക പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന ആയംകടവ് പാലം ഞായറാഴ്ച യാത്രക്കാര്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു കൊടുക്കും. കേരളത്തെിലെതന്നെ ഏറ്റവും ഉയരം കൂടിയ പാലമായ കാസര്‍കോട് ആയംകടവ് പാലം യഥാര്‍ത്ഥ്യമായി. പെര്‍ലടുക്കം-ആയംകടവ്-പെരിയ റോഡില്‍ പയസ്വിനിപ്പുഴയ്ക്ക് കുറുകെയാണ് പാലം നിര്‍മ്മിച്ചത്. 24 മീറ്റര്‍ ഉയരത്തിലും 150 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച പാലത്തിന്റേയും 3.8 കിലോമീറ്റര്‍ മെക്കാഡം ചെയ്ത അപ്രോച്ച് റോഡിന്റെയും പ്രവൃത്തിയാണ് ഇതിനോടകം പൂര്‍ത്തിയായത്.

2015 ഒക്ടോബര്‍ 1നാണ്  പാലത്തിന്റെ നിര്‍മാണ പ്രവൃത്തിക്കുള്ള സാങ്കേതികാനുമതി നല്‍കിയത്. 2016 ജനുവരിയില്‍ അന്നത്തെ പൊതുമരാമത്ത്  മന്ത്രി ഇബ്രാഹിം കുഞ്ഞാണ് പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ആദ്യ ഡിസൈനിലെ അപാകത കാരണം പാലത്തിന്റെ നിര്‍മാണ പ്രവൃത്തി തടസ്സപ്പെട്ടുവെങ്കിലും പിന്നീട് എന്‍ ഐ ടിയിലെ വിദഗ്ദനായ ഡോ. അരവിന്ദാക്ഷന്റെ സഹായം തേടുകയായിരുന്നു.

കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി 14 കോടി രൂപ ചിലവില്‍ യാഥാര്‍ത്ഥ്യമാക്കുന്ന പദ്ധതിക്ക് ടൂറിസം മേഖലയില്‍ സമഗ്ര സംഭാവന നല്‍കാന്‍ സാധിക്കും. കര്‍ണ്ണാടകയിലെ മടിക്കേരി, സുള്ള്യ, സുബ്രഹ്മണ്യ എന്നീ സ്ഥലങ്ങളില്‍ നിന്നും ബേക്കലില്‍ എത്തിച്ചേരാന്‍ എളുപ്പമുള്ള പാതയാകും ഇത്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലെ ദേലമ്പാടി, കാറഡുക്ക, മുളിയാര്‍, ബള്ളൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പെരിയ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലേക്കും, കാഞ്ഞങ്ങാട് നഗരത്തിലേക്കും എത്തിച്ചേരാനുള്ള എളുപ്പ മാര്‍ഗ്ഗമാകും.

ഉയരം കൊണ്ടും പ്രകൃതി ഭംഗികൊണ്ടും ജനശ്രദ്ധയാകര്‍ഷിച്ച പാലത്തിന്റെ അടിഭാഗത്തുള്ള സ്ഥലം പ്രയോജനപ്പെടുത്തി ഓപ്പണ്‍ എയര്‍ സ്റ്റേജ്, ഫുഡ് കോര്‍ട്ട്, ടോയ്ലറ്റ് ബ്ലോക്ക്, എന്നിവ ആദ്യഘട്ടത്തിലും, പുഴയുടെ ഭംഗി ആസ്വദിക്കുന്നതിനായി ഗ്ലാസ് ബ്രിഡ്ജ് പദ്ധതി രണ്ടാം ഘട്ടമായും നിര്‍മ്മിക്കുന്നത് ടൂറിസം വകുപ്പിന്റെ പരിഗണനയിലാണ്. എന്‍.എച്ച് 66 പെരിയയില്‍ എത്തുവാന്‍ ആവശ്യമായ 2.5 കി.മീ അഭിവൃത്തിപ്പെടുത്താനുള്ള ഫണ്ട് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2ന് നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായിരിക്കും. ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കുമെന്ന് കെ.കുഞ്ഞിരാമന്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.രാമചന്ദ്രന്‍, ശാരദ എസ്.നായര്‍ എന്നിവര്‍ അറിയിച്ചു. അപ്രോച്ച് റോഡിനു സൗജന്യമായി സ്ഥലം വിട്ടു നല്‍കിയവരെ അനുമോദിക്കും.


SHARE THIS

Author:

0 التعليقات: