Saturday, 21 December 2019

മംഗളൂരുവിലെ മലയാളി വിദ്യാര്‍ഥികള്‍ കേരളത്തിലെത്തി; മധുരം നല്‍കി സ്വീകരിച്ച് മന്ത്രി

കാസര്‍കോട്: മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളില്‍ മിക്കവരും കാസര്‍കോട് എത്തി. കേരള സര്‍ക്കാര്‍ ഇടപെട്ട് പ്രത്യേക കെഎസ്ആര്‍ടിസി ബസുകളിലാണ് വിദ്യാര്‍ഥികളെ കൊണ്ടുവന്നത്. കാസര്‍കോട് എത്തിയ വിദ്യാര്‍ഥികളെ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ മധുരം നല്‍കി സ്വീകരിച്ചു.


അഞ്ച് കെഎസ്ആര്‍ടിസി ബസുകളാണ് മംഗളൂരുവില്‍നിന്ന് വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയത്. പോലീസ് സംരക്ഷണയില്‍ കോണ്‍വോയ് അടിസ്ഥാനത്തിലായിരുന്നു ബസുകള്‍ മംഗളൂരുവിലേക്ക് പോയത്. കാസര്‍കോട് ജില്ലാ കളക്ടര്‍ ഡി. സജിത് ബാബുവായിരുന്നു ഇതെല്ലാം ഏകോപിപ്പിച്ചത്. മംഗളൂരുവിലെ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് കര്‍ഫ്യൂവും നിരോധനാജ്ഞയും കാരണം ഹോസ്റ്റലുകളില്‍ കുടുങ്ങിയത്.


മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അവരെ സുരക്ഷിതരായി കേരളത്തിലെത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.


SHARE THIS

Author:

0 التعليقات: