Saturday, 28 December 2019

നീലേശ്വരത്തെ സംഘര്‍ഷം; ആര്‍ എസ് എസ്-ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ 400 ഓളം പേര്‍ക്കെതിരെ കേസ്

നീലേശ്വരം : നീലേശ്വരത്തെ സംഘര്‍ഷവവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് 200 ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ പേരിലും, തടഞ്ഞതിന് 150 ഓളം ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ പേരിലും പോലീസിനെ കൈയ്യേറ്റം ചെയ്തതിന് 50 ആളുകളുടെ പേരിലും കേസെടുത്തതായി സി ഐ അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. നീലേശ്വരത്തു നടന്ന ആര്‍ എസ് എസ് കാഞ്ഞങ്ങാട് ജില്ലാ പ്രാഥമിക ശിക്ഷാ വര്‍ഗിന്റെ സമാപനത്തിന്റെ ഭാഗമായുള്ള പഥസഞ്ചലനം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം എ മാത്യു ഉള്‍പ്പെടെയുള്ള അഞ്ചു പോലീസുകാര്‍ക്കും ആര്‍ എസ് എസ് , ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പോലീസ് ലാത്തി വീശിയോടിച്ചു. ഇതിനിടെ ശക്തമായ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. 

സി ഐക്കു പുറമെ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്, രതീഷ്, വിപിന്‍, സുധീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കാഞ്ഞങ്ങാട് ഡി വൈ എശ് പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഞായറാഴ്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആര്‍ എസ് എസിന്റെ ശിബിര നഗരിയുടെ കവാടം തകര്‍ത്തിരുന്നു. സംഭവത്തില്‍ സി പി എം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.


SHARE THIS

Author:

0 التعليقات: