Thursday, 26 December 2019

നൂറുല്‍ ഉലമ അവാര്‍ഡ് കോടമ്പുഴ ഉസ്താദിന്: 29 ന് സമ്മാനിക്കും

കാസര്‍ഗോഡ്: ശൈഖുനാ നൂറുല്‍ ഉലമാ എം. എ. ഉസ്താദിന്റെ സ്മരണാര്‍ത്ഥം മത, വൈജ്ഞാനിക, സേവന, രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകള്‍ക്ക് സഅദിയ്യ ശരീഅത്ത് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തുന്ന മൂന്നാമത് നൂറുല്‍ ഉലമാ അവാര്‍ഡ് പ്രമുഖ പണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനും കോടമ്പുഴ ദാറുല്‍ മആരിഫ് സ്ഥാപകനുമായ ശൈഖുനാ കോടമ്പുഴ ബാവ മുസ്ലിയാര്‍ക്ക് നല്‍കും.

 ധൈഷണിക മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. പ്രശസ്തിപത്രം ക്യാഷ് പ്രൈസ്, സ്ഥാന വസ്ത്രം എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്. 2019 ഡിസംബര്‍ 29ന് നടക്കുന്ന സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനത്തില്‍ സമ്മാനിക്കും. 

1946 ലാണ് ബാവ മുസ്ലിയാരുടെ ജനനം. പഠനകാലത്ത് തന്നെ മലയാളത്തില്‍ എഴുതി ത്തുടങ്ങിയ അദ്ദേഹം പാഠപുസ്തക രചനയിലൂടെ അറബി ഗ്രന്ഥ രചനയിലേക്ക് കടക്കുകയായിരുന്നു. നൂറാമത്തെ ഗ്രന്ഥമായ അല്‍ ഇസ്ലാം സമീപകാലത്താണ് ഇറങ്ങിയത്. 68 അറബി ഗ്രന്ഥങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ഖലമുല്‍ ഇസ്ലാം (ഇസ്ലാമിന്റെ തൂലിക) എന്ന പേര് നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. 

ഖുലാസത്തുല്‍ ഫിഖ്ഹില്‍ ഇസ്ലാമി, സയ്യിദുല്‍ ബഷര്‍, അബുല്‍ ബഷര്‍ തുടങ്ങിയ ധാരാളം ഗ്രന്ഥങ്ങള്‍ വിവിധ കോളേജുകളില്‍ പഠന സിലബസാണ്.
മുന്‍വര്‍ഷങ്ങളില്‍ നിബ്രാസുല്‍ ഉലമ എ കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ചിത്താരി ഹംസ മുസ്ലിയാര്‍ എന്നിവര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചിട്ടുണ്ട്. 

ഇതുസംബന്ധമായി ചേര്‍ന്ന എം യു എസ് കേന്ദ്രകമ്മിറ്റി യോഗത്തില്‍ പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീന്‍ സഅദി അധ്യക്ഷത വഹിച്ചു. അബ്ദുല്ല സഅദി ചെറുവാടി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില സ്വാഗതവും ശറഫുദ്ദീന്‍ സഅദി നന്ദിയും പറഞ്ഞു .


SHARE THIS

Author:

0 التعليقات: