Monday, 6 January 2020

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്; ഫലം 11ന്

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത മാസം എട്ടിന് നടക്കും. എഴുപത് നിയമസഭ മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. വോട്ടെണ്ണെല്‍ ഫെബ്രുവരി 11ന് നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറയാണ്  തിയതി പ്രഖ്യാപിച്ചത്.

പൗരത്വ ഭാദഗതി നിയമത്തിനെതിരായ പ്രതിഷേധം ആളിക്കത്തുന്നതിനിടയാണ് രാജ്യ തലസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നത്. ഡല്‍ഹി പോലീസ് കമ്മീഷനുമായി ചര്‍ച്ച നടത്തി ഡല്‍ഹിയിലെ സുരക്ഷ ക്രമീകരണങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയാണ് തിരഞ്ഞെടുപ്പ് തിയതി തീരുമാനിച്ചതെന്ന് സുനില്‍ അറോറ പറഞ്ഞു. ഈ മാസം 14ന് വിജ്ഞാപനമുണ്ടാകും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി 21നാണ്. 22ന് സൂക്ഷ്മ പരിശോധനയും നടക്കും. ജനുവരി 24 വരെ പത്രിക പിന്‍വലിക്കാം. ശേഷം 15 ദിവസമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ട്ടികള്‍ക്ക് ലഭിക്കുക. എന്നാല്‍  ബി ജെ പിയും ആം ആദ്മി പാര്‍ട്ടിയും ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ തുടങ്ങിയിട്ടുണ്ട്. പ്രധാന മന്ത്രിയടക്കം പങ്കെടുത്ത രണ്ട് റാലികള്‍ ബി ജെ പി ഇതിനോടകം സംഘടിപ്പിച്ചിരുന്നു.


ഫെബ്രുവരി 22നാണ് ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ  ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുക. 2015-ല്‍ ഫെബ്രവരി പത്തിനായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.  70-ല്‍ 67 സീറ്റുകളും തൂത്തുവാരിയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ എ എ പി അധികാരത്തിലേറിയത്.  ബാക്കിയുള്ള മൂന്ന് സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ജയിക്കാനായിരുന്നില്ല.  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി മുന്നേറ്റം നടത്തിയെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യം സംസ്ഥാന രാഷ്ട്രീയത്തിലും നിര്‍ണായകമാകുമെന്നാണ് കോണ്‍ഗ്രസും ആം ആത്മി പാര്‍ട്ടിയും കണക്കു കൂട്ടുന്നത്.


SHARE THIS

Author:

0 التعليقات: