Saturday, 25 January 2020

മഹല്ലുകള്‍ ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം - കാന്തപുരം

കാസര്‍കോട്: മഹല്ലുകള്‍ ഭിന്നിപ്പുണ്ടാകാതെ ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അഖിലേന്ത്യാ സുന്നി ജംയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ കാന്തപുരം അഭിപ്രായപ്പെട്ടു. 

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ മൂന്നാം ദിവസം വിശിഷ്ടാതിഥിയായി എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹല്ലുകളിലുണ്ടാവുന്ന ഭിന്നിപ്പികള്‍ക്ക് പരിഹാരം കാണാന്‍ മുന്‍കൈയെടുക്കണം. പൊതു വഖഫ് സ്ഥലങ്ങള്‍ പോലും പലരും നിലനില്‍പിനായി ഉപയോഗിക്കുകയും അധികാരത്തിനായി കൈവശപ്പെടുത്തുകയും ചെയ്യുകയാണെന്ന് കാന്തപുരം പറഞ്ഞു.

വിശ്വാസ വഞ്ചന ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് ജീവിക്കുന്നത്. ഭൗതിക സുഖത്തിന്റെ ആവശ്യത്തിനായി ആക്രമിക്കുകയും കൊലപാതകവും നടത്തുകയും ചെയ്യുന്നു. ഇസ്ലാം കല്‍പിച്ചതില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് സമുദായത്തില്‍ അപചയം ഉണ്ടാകുന്നത്. പരസ്പരം വിശ്വാസമില്ലാതായിരിക്കുകയാണ് ഇന്ന്. പൗരത്വ ഭേദഗതി ബില്ല് മുസ്ലീങ്ങള്‍ക്കെതിരേയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. മറ്റു മതസ്ഥര്‍ ബില്ലിനെതിരേ ഇന്ത്യയിലുടനീളം ശബ്ദമുയര്‍ത്തി കൊണ്ടിരിക്കുകയാണ്. ഇത് മുസ്ലീങ്ങളുടെ മാത്രമല്ല എന്നതിന്റെ തെളിവ് കൂടിയാണെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. 

ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.സ്വാഗതം പറഞ്ഞു.  എം.അലിക്കുഞ്ഞി മുസ് ലിയാര്‍ ഷിറയ പ്രാര്‍ഥന നടത്തി. നൗഫല്‍ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തി. ഉറൂസ് കമ്മിറ്റി പ്രസിഡന്റ് എന്‍.കെ.അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്മാന്‍ മദനി, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ തൈവളപ്പ് കുഞ്ഞാമു ഹാജി. എ.കെ.അബുബക്കര്‍ ഹാജി, എന്‍.എ.ഹമീദ് നെല്ലിക്കുന്ന്, ടി.എ.മഹമൂദ്, ബി.എസ്.അബ്ദുല്ലകുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി  അബ്ദുല്‍ ഖാദര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: