Wednesday, 1 January 2020

ദേശീയ ഗാനം ചൊല്ലി പുതുവര്‍ഷത്തിലേക്കുണര്‍ന്നു; അര്‍ദ്ധരാത്രിയിലും സമരജ്വാല കെടാതെ ഷഹീന്‍ ബാഗ്

ന്യൂഡല്‍ഹി: ശരീരംമരവിക്കുന്ന തണുപ്പിനെ വകവെക്കാതെ പുതുവര്‍ഷരാവില്‍ ഡല്‍ഹിയിലെ ഷഹീന്‍ ബാഗിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത് നൂറിലധികം പേര്‍. 

ഷഹീന്‍ ബാഗിലെ നോയിഡ-കാളിന്ദി കുഞ്ച് ദേശീയപാതയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ മുദ്രാവാക്യങ്ങള്‍ മുഴക്കി സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് തങ്ങളുടെ അവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടി ഒത്തുകൂടിയത്. ആസാദി മുദ്രാവാക്യവും ദേശിയ ഗാനവും പാടിയുള്ള സമരത്തില്‍ കൈക്കുഞ്ഞു മുതല്‍ 90 വയസ്സായവര്‍ വരെ ഭാഗമായി. സമരത്തെ തുടര്‍ന്ന് നോയിഡ കാളിന്ദികുഞ്ച് ആറുവരിപ്പാത അടച്ചിട്ട് 18 ദിവസമായി. 

പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത് കൂടുതലും സ്ത്രീകളാണ് .118 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ രണ്ടാമത്തെ അതി ശൈത്യമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ വകവെക്കാതെ കുഞ്ഞുങ്ങളുമായാണ് ചില സ്ത്രീകള്‍ നിരത്തില്‍ പ്രതിഷേധത്തിനിറങ്ങിയത്. ഇത് ഭരണഘടനയ്ക്കും തന്റെ തലമുറകള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണെന്നും തന്റെ കുട്ടികളുടേതടക്കം എല്ലാവരുടേയും ഭാവിയും അവകാശവും സംരക്ഷക്കാനുള്ള പ്രതിഷേധമാണെമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത സൈമ എന്ന 33കാരി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

 പ്രതിഷേധക്കാരെ സഹായിക്കാന്‍ ഭക്ഷണവും പുതപ്പുകളുമായി ചിലര്‍ രംഗത്തുവന്നു. സാമൂഹ്യ മാദ്ധ്യമ കൂട്ടായ്മകള്‍, കലാകാരന്മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അണിനിരന്ന പ്രതിഷേധത്തെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


SHARE THIS

Author:

0 التعليقات: