Saturday, 4 January 2020

സ്വിംഗ് ബോളുകളുടെ മാന്ത്രികന്‍ ഇര്‍ഫാന്‍ പത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

വഡോദര: സ്വിംഗ് ബോളുകളുടെ മാന്ത്രികന്‍ ഇര്‍ഫാന്‍ പത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറിലൊരാളായിരുന്ന ഇര്‍ഫാന്‍ പത്താന്‍ സ്റ്റാര്‍സ്പോര്‍ട്സ് സംപ്രേഷണം ചെയ്ത പ്രത്യേക തത്സമയ പരിപാടിയിലാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഇന്ത്യന്‍ ക്രിക്കറ്റിന് കപില്‍ ദേവിനു ശേഷം ലഭിച്ച ഓള്‍ റൗണ്ടറെന്നായിരുന്നു ക്രിക്കറ്റ് ലോകം ഇര്‍ഫാനെ വിശേഷിപ്പിച്ചിരുന്നത്. ആ വിശേഷണം വെറുതെയായിരുന്നില്ല. മുഴുവന്‍ ഫോര്‍മാറ്റിലും ഊര്‍ജ്ജസ്വലനായി കളിച്ച ഇര്‍ഫാന്‍ ഇന്ത്യയുടെ പവര്‍ഹൈസായി മാറി. തോല്‍വിയുടെ കയങ്ങളില്‍ നിന്ന് ടീമിനെ ഒറ്റക്ക് നയിച്ച് വിജയത്തിലേക്ക് എത്തിക്കാന്‍ മധ്യനിരയില്‍ പത്താന്റെ ഇടങ്കൈയ്യന്‍ ബാറ്റിംഗിന് കെല്‍പ്പുണ്ടായിരുന്നു. എതിര്‍ ബാറ്റ്സ്മാനെ കബളിപ്പിക്കുന്ന മാന്ത്രിക സിംഗ് ബോളിംഗില്‍ ഈ ഇടംകൈയ്യന്‍ പേസറുടെ മാസ്റ്റര്‍പീസാണ്. സൗരവ് ഗാംഗുലി നായകനായിരുന്ന കാലത്ത ഓപ്പണിങ് ബൗളറും വണ്‍ഡൗണ്‍ ബാറ്റ്‌സ്മാനുമായിരുന്നു പത്താന്‍. ക്രിക്കറ്റിലെ ചിരവൈരികളായ പാകിസ്ഥാനെതിരെ ടെസ്റ്റ് മത്സരത്തില്‍ അവരുടെ തട്ടകത്തില്‍ ആദ്യ ഓവറില്‍ ഹാട്രിക് നേടിയ പത്താന്റെ ഇന്നിംഗ്‌സ് ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാവില്ല. സല്‍മാന്‍ ബട്ട്, യൂനുസ് ഖാന്‍, മുഹമ്മദ് യൂസുഫ് എന്നിവരെ പുറത്താക്കിയായിരുന്നു കറാച്ചിയില്‍ വഡോദരക്കാരന്റെ ഹാട്രിക്.


2007ല്‍ ഇന്ത്യ ട്വന്റി20 കിരീടം നേടിയപ്പോള്‍ ഫൈനലിലെ താരവും പത്താനായിരുന്നു. പാകിസ്താനെതിരായ ഫൈനലില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്നു നിര്‍ണായക വിക്കറ്റാണ് വീഴ്ത്തിയത്. 2008ല്‍ ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റിലെ താരമായ പത്താന്‍ ബാറ്റിംഗിലും ബോളിംഗിലും തിളങ്ങി. അഞ്ച് വിക്കറ്റുകളാണ് ആ ടൂര്‍ണമെന്റില്‍ പത്താന്‍ പിഴുതത്.

ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമായിരുന്ന പത്താന്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ഇന്ത്യന്‍ ടീമിന് പുറത്താണ്. പുറത്തിരിക്കേണ്ടി വന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് നിരശയാണ് സമ്മാനിച്ചത്. പരുക്കാണ് കാരണമെന്ന് താരം പിന്നീട് താരം പ്രതികരിച്ചിരുന്നു. പത്താന്റെ പതനം ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയുമായിരുന്നു.


2003ല്‍ 19-ാം വയസ്സില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു പഠാന്റെ അരങ്ങേറ്റം. ഒമ്പതു വര്‍ഷം നീണ്ട കരിയറില്‍ പത്താന്‍ ഇന്ത്യക്കായി 29 ടെസ്റ്റും 120 ഏകദിനങ്ങളും 24 ട്വന്റി20യും കളിച്ചു സ്വിംഗ് ബോളിലൂടെ എതിര്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ച പത്താന്റെ അക്കൗണ്ടില്‍ 301 വിക്കറ്റുകളുണ്ട്. ഏകദിനത്തില്‍ 23.39 ബാറ്റിങ് ശരാശരിയില്‍ 1544 റണ്‍സും ടെസ്റ്റില്‍ 31ന് മുകളില്‍ ശരാശരിയില്‍ 1105 റണ്‍സും പത്താന്‍ അടിച്ചെടുത്തു.2012 ഒക്ടോബറിലാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ മുപ്പത്തിയഞ്ചുകാരന്‍ അവസാന മത്സരം കളിച്ചത്.ഐ പി എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ തുടക്കം കുറിച്ച പഠാന്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, റൈസിംഗ് പുണെ സൂപ്പര്‍ജയന്റ്‌സ്, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കായും കളിച്ചു. 103 ഐ പി എല്‍ മത്സരങ്ങളില്‍ നിന്ന് 1139 റണ്‍സും 80 വിക്കറ്റും നേടി. 2017-ലായിരുന്നു അവസാന മത്സരം.ആഭ്യന്തര ക്രിക്കറ്റില്‍ ബറോഡയുടെ താരവും മെന്ററുമായിരുന്ന പത്താന്‍ പിന്നീട് 2018-ല്‍ ജമ്മു കശ്മീര്‍ ടീമിനൊപ്പം ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജമ്മു കശ്മീരിനായി പഠാന്‍ കളിക്കാനിറങ്ങി. ഇതാണ് കരിയറിലെ അവസാന മത്സരം.


SHARE THIS

Author:

0 التعليقات: