Tuesday, 14 January 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാഞ്ഞങ്ങാട് നഗരസഭയുടെ പ്രമേയം; കൗസില്‍ യോഗത്തില്‍ കയ്യാങ്കളി

കാഞ്ഞങ്ങാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനായി കാഞ്ഞങ്ങാട് നഗരസഭ വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങിയ ബിജെപി അംഗങ്ങള്‍ പ്രമേയം കീറിയെറിഞ്ഞു. ഒടുവില്‍ ബിജെപി അംഗങ്ങളുടെ വിയോജിപ്പോടെ പ്രമേയം പാസാക്കി. കൗണ്‍സില്‍ തടസ്സപ്പെടുത്തി 6 ബിജെപി കൗണ്‍സിലര്‍മാരെ നഗരസഭാധ്യക്ഷന്‍ 6 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.

തിങ്കളാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗമാണ് നാടകീയ രംഗങ്ങള്‍ക്ക് വേദിയായത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനായിരുന്നു അടിയന്തര കൗണ്‍സില്‍ ചേര്‍ന്നത്. എന്നാല്‍ യോഗാരംഭത്തില്‍ തന്നെ അവധി ദിവസം കൗണ്‍സില്‍ യോഗത്തിന്റെ അജണ്ട തയാറാക്കിയത് ചട്ട വിരുദ്ധമാണെന്ന് ആരോപണവുമായി ബിജെപി അംഗങ്ങള്‍ എഴുന്നേറ്റു.യോഗം തുടങ്ങിയതോടെ പ്ലക്കാര്‍ഡുകളുമായി ബിജെപി അംഗങ്ങള്‍ അധ്യക്ഷന്റെ ഡയസിനടുത്തേക്ക് നീങ്ങി.
തടയാന്‍ എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങളെത്തിയതോടെ ബഹളമായി. പ്രമേയം അവതരിപ്പിക്കാനൊരുങ്ങിയ മഹ്മൂദ് മുറിയനാവിയു കയ്യില്‍ നിന്നു ബിജെപി അംഗങ്ങള്‍ പ്രമേയം തട്ടിയെടുത്ത് കീറിയെറിഞ്ഞു. ഡയസിലുണ്ടായിരുന്ന പ്രമേയവും കീറിയെറിഞ്ഞു. ഇതോടെ ഉന്തും തള്ളുമായി.

ബിജെപി അംഗങ്ങളെ പുറത്താക്കാന്‍ അധ്യക്ഷന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് നഗരസഭാധ്യക്ഷന്‍ പറഞ്ഞു. ബഹളത്തിനിടെ പ്രമേയം പാസായതായി പ്രഖ്യാപിച്ച് കൗണ്‍സില്‍ യോഗം അവസാനിപ്പിക്കുകയായിരുന്നു. 

വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായ മഹ്മൂദ് മുറിയനാവിയാണ് പ്രമേയം അവതരിപ്പിച്ചത്. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍ ഉണ്ണികൃഷ്ണന്‍ പിന്താങ്ങി. ബി ജെ പി ഇതര അംഗങ്ങളെല്ലാം പ്രമേയത്തെ പിന്തുണച്ചു.


SHARE THIS

Author:

0 التعليقات: