Friday, 17 January 2020

പൗരത്വനിയമഭേദഗതി വേഗത്തിലാക്കിയത് സാമ്പത്തികപ്രതിസന്ധി ചര്‍ച്ചചെയ്യാതിരിക്കാന്‍ -എം.ബി.രാജേഷ്


കാഞ്ഞങ്ങാട്: ഇന്ത്യയെ മതാധിഷ്ഠിതരാജ്യമാക്കി മാറ്റുകയെന്ന ആര്‍.എസ്.എസ്സിന്റെ അജന്‍ഡ എന്തായാലും മോദിസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് നേരത്തേ കണക്കുകൂട്ടിയതാണെന്നും എന്നാല്‍ ഇത്രപെട്ടെന്ന് പൗരത്വഭേദഗതിനിയമം പ്രാബല്യത്തിലാക്കിയത് ഇവിടത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധി ജനം ചര്‍ച്ചചെയ്യാതിരിക്കാനാണെന്നും മുന്‍
എം.പി. എം.ബി.രാജേഷ് പറഞ്ഞു. 

കാഞ്ഞങ്ങാട് കിസ്സ സാംസ്‌കാരികസമന്വയം നോര്‍ത്ത് കോട്ടച്ചേരി ഡോ. ബി.ആര്‍.അംബേദ്കര്‍ നഗറില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

72 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധിയാണ് ഇന്ന് ഇന്ത്യ നേരിടുന്നത്. ഇതെല്ലാം കേന്ദ്രസര്‍ക്കാരിനെതിരേയുള്ള ജനരോഷം ആളിക്കത്തിക്കാന്‍ തുടങ്ങിയപ്പോഴാണ് പൗരത്വനിയമ ഭേദഗതിയുമായി മോദിയും അമിത്ഷായും രംഗത്തുവന്നത്. തിരഞ്ഞെടുപ്പടുക്കാറാകുമ്പോള്‍ ഇതൊക്കെ നടപ്പിലാക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ നേരത്തേ കൊണ്ടുവന്നു. ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയവര്‍ ഏകാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ നോല്‍ക്കുന്നു. 

ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും
കാലടിപ്പാതകളാണ് മോദിയും ഷായും പിന്തുടരുന്നതെന്നും രാജേഷ് പറഞ്ഞു. കിസ്സ ചെയര്‍മാന്‍ അഡ്വ. സി. ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി അഭിഭാഷക രശ്മിത രാമചന്ദ്രന്‍, മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

ജാമിയ മിലിയ വിദ്യാര്‍ഥി ഹസ്സന്‍ ഷിഹാബ് സമരാനുഭവം വിവരിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ., കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍, കെ.വി.കുഞ്ഞിരാമന്‍, ഡോ. വി.പി.പി.മുസ്തഫ, കിസ്സ കണ്‍വീനര്‍ മഹമൂദ് മുറിയനാവി, ട്രഷറര്‍ ബിബി കെ. ജോസ എന്നിവര്‍ സംസാരിച്ചു.


SHARE THIS

Author:

0 التعليقات: