Tuesday, 14 January 2020

പൗരത്വ നിയമത്തില്‍ ആര്‍ക്കും തെറ്റിദ്ധാരണയില്ലെന്ന് ഖമറുല്‍ ഉലമ

തലശ്ശേരി: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് ഒരു വിഭാഗം വീടുകളിലും സദസ്സുകളിലും കയറിപ്പറ്റി തെറ്റിദ്ധാരണകള്‍ പരത്തിക്കൊണ്ടിരിക്കുകയാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. തലശ്ശേരിയില്‍ ഭരണഘടന സംരക്ഷണ റാലിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടനയെ മാറ്റി മറിച്ചുകൊണ്ട് ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇവിടെ വിഭജനമുണ്ടാക്കി പ്രത്യക നിയമം തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോഴാണ് നമ്മള്‍ ഈ നിയമം സംബന്ധിച്ച് തെറ്റിദ്ധരിച്ചു എന്ന് ചിലര്‍ പറയുന്നത്. നമുക്ക് നിയമം സംബന്ധിച്ച് യാതൊരു തെറ്റായ ധാരണയും ഇല്ല. യഥാര്‍ഥ ധാരണയും അറിവും തന്നെയാണ് ഉള്ളത്. 

എല്ലാ ജാതി മതക്കാര്‍ക്കും എല്ലാ ആശയക്കാര്‍ക്കും ജീവിക്കാനുള്ള പൂര്‍ണ സ്വാതന്ത്യം ഇന്ത്യയില്‍ ഉണ്ട്, അത് എടുത്തുകളയാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിട്ട് നാളുകളായി. മുസ്ലിംകളെ ഒഴിവാക്കി നാളെ ഒരു പ്രത്യേക വിഭാഗത്തിന്റേതാണ് ഇന്ത്യ എന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുകയാണിവര്‍. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. മുസ്ലിംകളെ ഒഴിവാക്കിയാല്‍ നാളെ മറ്റൊരു വിഭാഗത്തെയും ഒഴിവാക്കും എന്നത് സംശയമില്ലാത്ത കാര്യമാണ് .

മുത്വലാഖ് നിയമം കൊണ്ടുവന്നതും നിയമവിരുദ്ധമായിട്ടായിരുന്നു. സാധാരണ സിവില്‍ കേസ് വേണ്ടുന്ന വിഷയം ക്രിമിനലാക്കി മാറ്റി. പിന്നെയാണ് കശ്മീര്‍ വിഭജനം. പ്രത്യേക വകുപ്പ് എടുത്തുകളഞ്ഞപ്പോഴും ഇന്ത്യയുടെ നന്മ ഓര്‍ത്ത് ആരും ഒന്നും ശബ്ദിച്ചില്ല. 

ബാബരി മസ്ജിദ് വിധിയില്‍ അത് ഉണ്ടാക്കിയത് മുസ്ലിംകളാണെന്നും അമ്പലം തകര്‍ത്ത് ഉണ്ടാക്കിയതല്ലെന്നും എല്ലാം പറഞ്ഞ് മുസ്ലിം സമുദായത്തിന് കിട്ടേണ്ടതാണെന്ന് ഇപ്പോള്‍ പറയും എന്നുതോന്നുന്ന വിധത്തില്‍ എത്തിച്ച് അവസാനം അത് മുസ്ലിംകള്‍ക്ക് കൊടുക്കാന്‍ പാടില്ലെന്ന് പറഞ്ഞു. ഇങ്ങനെ വിധി വന്നപ്പോഴും ആരും പ്രകോപനം ഉണ്ടാക്കരുതെന്നും അക്രമം നടത്തരുതെന്നുമുള്ള ആഹ്വാനമാണ് സമുദായ നേതാക്കള്‍ നടത്തിയത്. അപ്പോഴാണ് പുതിയ ബില്ലും കൊണ്ട് വരുന്നത്. ഇത് വ്യക്തമായും ഭരണഘടനക്ക് വിരുദ്ധമാണ്. അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കാന്തപുരം പറഞ്ഞു.


SHARE THIS

Author:

0 التعليقات: