Thursday, 16 January 2020

രാജ്യത്തെ കീറി മുറിക്കുന്ന നിയമം പുന:പരിശോധിക്കണം: ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: രാജ്യത്തെ വലിയൊരു വിഭാഗത്തെ അസ്വസ്ഥരും അസ്ഥിത്വത്തെക്കുറിച്ച് ആശങ്കാകുലരുമാക്കുന്ന പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്നും  ജനവികാരം കണക്കിലെടുക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. മലപ്പുറത്ത് സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ഭരണഘടനാ സംരക്ഷണ മഹാറാലിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യ സ്‌നേഹികളായ മുഴുവനാളുകളും വിവിധ തരത്തില്‍ ഇതിനെതിരെ പ്രതിഷേധമുയര്‍ത്തിക്കൊണ്ടിരിക്കുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദത്തിനും സാഹോദര്യത്തിനും കളങ്കം വരുത്തുന്ന നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് അവര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു. ഇതിനോട് പുറം തിരിഞ്ഞു നില്‍ക്കാന്‍ ആര്‍ക്കുമാവില്ല.


ലോകത്ത് എവിടെപ്പോയാലും നമ്മുടെ രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞിട്ടേ എന്റെ പ്രഭാഷണം തുടങ്ങാറുള്ളൂ. ഭാഷ, ദേശ, വിശ്വാസ വൈവിധ്യങ്ങളെ ഇത്രയും സുന്ദരമായി കാത്തു പോരുന്ന രാജ്യത്തിന്റെ ഭരണ ഘടനയുടെ സൗന്ദര്യത്തെക്കുറിച്ച് കേള്‍ക്കാന്‍ വിദേശികള്‍ക്ക് എപ്പോഴും വലിയ താത്പര്യവുമാണ്.

വിശുദ്ധ റമളാന്‍ ഇരുപത്തിയേഴാം രാവില്‍ വിശ്വാസി ലക്ഷങ്ങള്‍ ഒരുമിച്ചു കൂടുന്ന മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിലെ എന്റെ പ്രഭാഷണത്തില്‍ എല്ലാ വര്‍ഷവും ഞാന്‍ ഉണര്‍ത്തുന്ന ഒരു കാര്യമുണ്ട്:  ലോക മുസ്്ലിംകള്‍ ഏറ്റവും പവിത്രമായിക്കരുതുന്ന ഈ പുണ്യ രാവില്‍ ഇത്രയും വലിയൊരു ജന സഞ്ചയത്തിന് വേദിയൊരുക്കാന്‍ അവസരം തരുന്നത് ഭാരതം കാത്തു പോരുന്ന മതേതരത്വവും അവസര സമത്വവുമാണ്.

കേരളം നേരിട്ട രണ്ട് പ്രളയ സമയത്തും മുഖ്യമന്ത്രിയുടെ നേതൃപാടവം കേരളീയര്‍ക്ക് പുതുജീവനാണ് നല്‍കിയത്. അത് പോലെത്തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളം ഒറ്റക്കെട്ടായി ഭരണ ഘടനാ സംരക്ഷണത്തിനായി നില കൊള്ളുന്നുവെന്നത് വലിയ പ്രതീക്ഷയാണ്. ദേശീയ പൗരത്വ രജിസ്സര്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ധീരമാണ്. കേരളത്തില്‍ എല്ലാവരും സുരക്ഷിതരെന്ന അദ്ദേഹത്തിന്റെ വാക്കും പിന്തുണയും വലിയ ധൈര്യമാണ് നല്‍കുന്നത്. പ്രസ്തുത നിയമത്തിനെതിരെ ആദ്യമായി നിയമസഭയില്‍ പ്രമേയം പാസാക്കിയും നിയമ പോരാട്ടത്തിനിറങ്ങിയും രാജ്യത്തെ നിരപേക്ഷ സമൂഹത്തിന് വലിയ ആശ്വാസമായിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മത സാമൂഹിക സാംസ്‌കാരിക സംഘടനകളെയും ഒരുമിപ്പിച്ച്, രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിക്കെതിരെ മുന്നില്‍ നിന്ന് നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.


SHARE THIS

Author:

0 التعليقات: