Monday, 13 January 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹറ. പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവര്‍ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടി നോക്കാതെ കേസെടുക്കാനാണ് ഡി.ജി.പി ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയോടോ സംഘടനയോടോ മൃദുസമീപനം വേണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കണമെന്നുമാണ് നിര്‍ദ്ദേശം.
ജില്ലാ പൊലീസ് മേധാവികള്‍ക്ക് വയര്‍ലെസ് വഴി ഈ നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്.

പൗരത്വ നിയമത്തിനെതിരെ ചില സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തിരുന്നു. അതേ സമയം രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ പ്രക്ഷോഭപരിപാടികള്‍ക്കെതിരെ കേസെടുത്തുമില്ല. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡി.ജി.പി യുടെ നീക്കം.

ഗതാഗത തടസ്സം, ശബ്ദമലിനീകരണം, സംഘം ചേര്‍ന്ന് തടസ്സമുണ്ടാക്കല്‍, തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുക്കുന്നത്.
പൗരത്വ നിയമത്തിനെതിരായുള്ള പ്രതിഷേധങ്ങളില്‍ പലതിനോടും സംസ്ഥാന സര്‍ക്കാര്‍ അനുകൂല നയം സ്വീകരിക്കുന്ന ഘട്ടത്തിലാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം.


SHARE THIS

Author:

0 التعليقات: