Wednesday, 15 January 2020

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധക്കടലായി ദക്ഷിണ കന്നഡ

മംഗളൂരു:  പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ദക്ഷിണ കന്നഡയില്‍ പതിനായിരങ്ങള്‍ ഒത്തുകൂടി. ബുധനാഴ്ച ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ മുസ്ലിം കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ 28 സംഘടനകളാണ് സിഎഎ വിരുദ്ധ പ്രതിഷേധ റാലി നടത്തിയത്. ബൈക്കുകളിലും കാറുകളിലുമായി നിരവധി പേരാണ് പ്രക്ഷോഭം നടക്കുന്ന അഡയാര്‍ കണ്ണൂരിലേക്കെത്തിയത്.

അനിയന്ത്രിതമായി ജനങ്ങള്‍ എത്തുമെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് ദേശീയപാത അടച്ചേക്കുമെന്ന് മനസിലാക്കി 100 ഓളം ബോട്ടുകളിലും 'ആസാദി'' മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ആയിരക്കണക്കിന് ആളുകള്‍ ദേശീയ പതാകകള്‍ പിടിച്ച് പ്രക്ഷോഭനഗരിയിലെത്തിയത് പോലീസിനെ ഞെട്ടിച്ചു. ഉള്ളാള്‍ കോട്ടെപുരയില്‍ നിന്നാണ് പ്രതിഷേധക്കാര്‍ പുറപ്പെട്ടത്.

പ്രതിഷേധത്തിന് മുന്നോടിയായി മംഗളൂരുവിലും സമീപ പ്രദേശങ്ങളിലും കനത്ത സുരക്ഷയായിരുന്നു പോലീസ് ഒരുക്കിയിരുന്നത്. ക്രമസമാധാനം ഉറപ്പാക്കാന്‍ അയ്യായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിച്ചിരുന്നു.

ഡിസംബര്‍ 19 ന് പൗരത്വപ്രതിഷേധത്തിനിടെയുണ്ടായ പോലീസ് വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ച പശ്ചാത്തലത്തില്‍ പോലീസ് കനത്ത മുന്‍കരുതലാണെടുത്തിരിക്കുന്നത്. അന്ന് പ്രതിഷേധത്തെത്തുടര്‍ന്ന് നടന്ന അക്രമത്തില്‍ 20 ലധികം പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. ഒരു ലക്ഷത്തിലേറെ പേരാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.


SHARE THIS

Author:

0 التعليقات: