Monday, 6 January 2020

സ്‌കൂട്ടറില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു

ആദൂര്‍: മുള്ളേരിയയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കാടകം പതിമൂന്നാം മൈലില്‍ ഉണ്ടായ അപകടത്തിലാണ് ദമ്പതികള്‍ ദാരുണമായി മരിച്ചത്. തമിഴ്നാട് സ്വദേശിയും വര്‍ഷങ്ങളായി മുള്ളേരിയ എ എം കോംപ്ലക്‌സില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയും ചെയ്യുന്ന ഗോവിന്ദ രാജ് (52), ഭാര്യ ഉമ (43) എന്നിവരാണ് ബൈക്കില്‍ കാറിടിച്ച് ദാരുണമായി മരിച്ചത്.

അപകടത്തില്‍ ബൈക്കിനെയും വലിച്ച് കാര്‍ ഏറെ ദൂരം സഞ്ചരിച്ച് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് നിന്നത്. അപ്പോഴേക്കും രണ്ടു പേരും ദാരുണമായി മരിച്ചിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസും സൂചിപ്പിക്കുന്നത്. കര്‍ണാടകയിലെ ഒരു വിവാഹത്തില്‍ പങ്കെടുത്ത് ബെണ്ടിച്ചാലിലേക്ക് പോകുന്നവരാണ് അപകടത്തില്‍പെട്ട കാറിലുണ്ടായിരുന്നത്. ഈ കാറിനു പുറമെ മറ്റൊരു കാറും മുന്നിലുണ്ടായിരുന്നു. കല്യാണാവശ്യം കഴിഞ്ഞതിനു ശേഷമുള്ള സാധനങ്ങളായിരുന്നു കാറിന്റെ പിന്‍സീറ്റിലും ഡിക്കിയിലുമായി ഉണ്ടായിരുന്നത്.

മുള്ളേരിയയില്‍ നിന്നും ഭാര്യയ്ക്ക് ഹെല്‍മറ്റ് വാങ്ങി കാസര്‍കോട്ട് വന്ന് ബാര്‍ബര്‍ ഷോപ്പിലേക്കുള്ള സാധനങ്ങളുമായി പോകുമ്പോഴാണ് എതിരെ വന്ന കാര്‍ ഇടിച്ചത്. ഇരുവരുടെയും ആകസ്മിക മരണ വാര്‍ത്തയില്‍ വിറങ്ങലിച്ചിരിക്കുകയാണ് നാട്ടുകാര്‍. ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

മക്കള്‍: സെന്തില്‍ കുമാര്‍, ശര്‍മിള, ശരത് കുമാര്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍).


SHARE THIS

Author:

0 التعليقات: