Wednesday, 15 January 2020

ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം

ഭിം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയത്. ഒരു മാസം ധര്‍ണ നടത്തരുതെന്നും ഷഹീന്‍ ബാഗില്‍ പോകരുതെന്നുമാണ് ഉപാധി. കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എല്ലാ മാസത്തിലേയും അവസാന ശനിയാഴ്ച സ്റ്റേഷനിലെത്തണം. ചികിത്സക്കായി ഡല്‍ഹിയി വരേണ്ടതുണ്ടെങ്കില്‍ പോലീസിനെ അറിയിക്കണം. ഡല്‍ഹിയില്‍ സമരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ ഒരു മാസത്തേക്ക് വിട്ട് നില്‍ക്കണം. തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്.

ഇതിനിടെ ഡല്‍ഹി ജമാ മസ്ജിദ് സന്ദര്‍ശിക്കാന്‍ ആസാദിനെ അനുവദിക്കണമെന്ന അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ കോടതി അത് അംഗീകരിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 21ന് ജമാ മസ്ജിദിന് മുന്നില്‍ പ്രതിഷേധം നയിച്ചതിന് പിന്നാലെയാണ് ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആസാദിന്റെ ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെ ഡല്‍ഹി പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് തീസ് ഹസാരി കോടതി ഉന്നയിച്ചത്. സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ജമാ മസ്ജിദ് പാകിസ്താനിലാണെന്ന രീതിയിലാണ് നിങ്ങള്‍ പെരുമാറുന്നത്. അവിടെ പോകുന്നതിലും ധര്‍ണ നടത്തുന്നതിലും എന്താണ് തെറ്റ്? പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. ഭരണഘടന വായിച്ചിട്ടില്ലേയെന്നും ഡല്‍ഹി പൊലീസിനോട് കോടതി ഇന്നലെ ആരാഞ്ഞു.

പ്രതിഷേധിക്കാന്‍ അനുമതി വേണമെന്ന് പറഞ്ഞ പ്രോസിക്യൂട്ടറോട് എന്ത് അനുമതിയെന്ന് കോടതി തിരിച്ചുചോദിച്ചു. നിരോധനാജ്ഞ അടിക്കടി പ്രഖ്യാപിക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്ന സുപ്രിംകോടതി ഉത്തരവും ജഡ്ജി കാമിനി ലാവു ചൂണ്ടിക്കാണിച്ചു. 


SHARE THIS

Author:

0 التعليقات: