Friday, 3 January 2020

പിര്‍സപ്പാട് ഭവന്‍; സഹപാഠികള്‍ വഴിയൊരു വീട്

മൊഗ്രാല്‍: പണ്ടൊന്നിച്ച് പഠിച്ചവരുടെ കൂട്ടായ്മകളും ഒത്തുചേരലുകളും പതിവാണിന്ന്. എങ്ങനെയീ ഒത്തുചേരലുകളെ ആകര്‍ഷണീയവും വ്യത്യസ്തവുമാക്കാം എന്നതില്‍ അധ്വാനിക്കാറുണ്ട് പല സംഘങ്ങളും. മൊഗ്രാല്‍ സ്‌കൂളിലെ ഒരു ക്ലാസ് റൂമില്‍ പഴയ കുട്ടികളായിരുന്ന് അന്നത്തെ അധ്യാപകനും നാട്ടുകാരനുമായ മാഹിന്‍ മാഷിനെക്കൊണ്ട് ഹാജര്‍ വിളിപ്പിച്ചുകൊണ്ടാണ് ഒരു ഗെറ്റ് ടുഗെദര്‍ തുടക്കമിട്ടത്. 

മികച്ച സംഘാടനം കൊണ്ട് വിജയിച്ചൊരൊത്തുചേരലായിരുന്നു അത്. പണ്ടുപഠിപ്പിച്ച ഗുരുക്കന്മാരെയും ക്ലാസ് മുറികളിലെ തമാശകളെയും ഓര്‍ത്തെടുക്കുക മാത്രമല്ല, ഇടവേളകളിലും വൈകുന്നേരങ്ങളിലും കഴിച്ച മിഠായികളെയും മിഠായിക്കടകളെയും പുനരാവിഷ്‌ക്കരിക്കാന്‍ കൂടിയവര്‍ ശ്രദ്ധചെലുത്തി.
ഈയൊത്തുചേരല്‍ 2019 ഫെബ്രുവരിയിലായിരുന്നു. 

എന്നാല്‍, പരിപാടി ഏറെ മധുരതരമാവുന്നത് അതുകൊണ്ടൊന്നുമല്ല. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറമെത്തുമ്പോള്‍ ഉപജീവനവും കുടുംബജീവിതവുമായി ഓരോരുത്തര്‍ ഓരോ മേഖലയില്‍ സജീവമായിരിക്കുമ്പോഴും, തങ്ങളില്‍പ്പെട്ടൊരാള്‍ ആകസ്മികമായൊരപകടത്തില്‍ ഇണയെ നഷ്ടപ്പെട്ട് ആറ് കുട്ടികളുമായി വ്യസനമനുഭവിക്കുന്നുവെന്ന തിരിച്ചറിവ് 
ഈയൊത്തുചേരലിനെ വഴിതിരിച്ചുവിടുന്നിടത്താണത്. 

കേവലം മൂന്നുപേര്‍ ചേര്‍ന്ന് തുടങ്ങിയ വാട്ട്‌സ്ആപ് ഗ്രൂപ്പ് പുരുഷന്മാരുടെയും സ്ത്രീകളുടെയും രണ്ടു ഗ്രൂപ്പുകളിലായി എഴുപതിലധികം അംഗങ്ങളായി പുരോഗമിക്കുകയും ഗ്രൂപ്പിന് സ്വന്തമായൊരു ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അഡ്മിനുകള്‍ പറയുന്നു. ഒത്തുചേരുന്ന ദിവസം വരുമ്പോഴേക്ക് സാമ്പത്തികമായി പ്രയാസപ്പെടുന്ന ചിലര്‍ക്ക് സഹായം നല്‍കാമെന്ന ലക്ഷ്യം പിന്നീട് വന്നുചേരുകയും മാസവരിസംഖ്യയായി അംഗങ്ങളില്‍ നിന്ന് തുക പിരിക്കുകയും അത് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തുപോരുകയാണുണ്ടായത്. 

സഹപാഠികളിലൊരാള്‍ നിത്യജീവിതത്തിനായി പ്രയാസപ്പെടുകയും വീടിനായി തറകെട്ടി അത് നിറയ്ക്കാന്‍ പോലുമാകാതെ സങ്കടപ്പെടുകയും ചെയ്യുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഈ കൂട്ടായ്മയുടെ ലക്ഷ്യം കൃത്യമായി. ആ വീടുപണി പൂര്‍ത്തിയാക്കി ഉമ്മയെയും ആറ് കുട്ടികളെയും അതില്‍ താമസിപ്പിക്കുകയെന്ന മഹത്തായ ലക്ഷ്യത്തെ കൂട്ടായ്മ ചേര്‍ന്ന നാളില്‍ ഒരു തീരുമാനമായവര്‍ കുറിച്ചു. 'പിര്‌സപ്പാട് ഭവന്‍' എന്ന് ആ പദ്ധതിക്ക് പേരും നിശ്ചയിച്ചു. 

പേരിനൊരു വീടു നിര്‍മ്മിക്കുകയായിരുന്നില്ല പദ്ധതിയുടെ ലക്ഷ്യം. സാധാരണ ചാരിറ്റി തുകകള്‍ സ്വരൂപിച്ച് നിര്‍മ്മിക്കപ്പെടുന്ന വീടുകളുടെ അളവില്‍ നിന്നും അഴകില്‍ നിന്നും ഏറെ വ്യത്യസ്തമായിത്തന്നെ വീടുപണി പുരോഗമിച്ചു. ഒരു ലക്ഷം രൂപ മാത്രം ബാങ്ക് ബാലന്‍സുമായി തുടങ്ങിയ പദ്ധതി, പ്രഖ്യാപനത്തിന്റെ പത്താം മാസമെത്തുമ്പോള്‍ പത്തുലക്ഷം രൂപയോളം ചിലവില്‍ പൂര്‍ണ്ണതയിലെത്തി. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും നടത്തിപ്പുമെല്ലാം ഈ സഹപാഠികളില്‍പ്പെട്ടവര്‍ തന്നെ നിര്‍വ്വഹിച്ചു. ഈ സ്വപ്നപദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി പണവും സമയവും അധ്വാനവും ചിലവഴിച്ചവരുടെ പേരുവിവരങ്ങളില്ലാതെ, വീട്ടില്‍ താമസിക്കാന്‍ പോകുന്ന കുടുംബത്തിന്റെ ചിത്രങ്ങളേതുമില്ലാതെ, തികച്ചും ലളിതമായൊരു ചടങ്ങില്‍ മൊഗ്രാലിലെ സയ്യിദ് മുഹമ്മദ് മദനി തങ്ങളില്‍ നിന്നും അധ്യാപകന്‍ മാഹിന്‍ മാസ്റ്റര്‍ ഇന്ന് വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. 

പഴയ കൂട്ടായ്മകളുടെ കൂടിച്ചേരലുകള്‍ക്ക് പുതിയ അര്‍ത്ഥവും മാനവും രചിക്കുകയാണ് പിര്‌സപ്പാട് കൂട്ടായ്മ.


SHARE THIS

Author:

0 التعليقات: