Thursday, 2 January 2020

സ്റ്റുഡന്റ്സ് ഇസ്ലാമിക് സെന്‍സോറിയത്തിന് നാളെ മഞ്ചേരിയില്‍ തുടക്കമാവും

കോഴിക്കോട്: അറിവിന്റെ വേരുകള്‍ പുതിയ സംവാദങ്ങള്‍ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സ്റ്റുഡന്റ്സ് ഇസ്ലാമിക് സെന്‍സോറിയം സംഘടിപ്പിക്കും. ജനുവരി 3, 4, 5 തിയ്യതികളില്‍ മലപ്പുറം മഞ്ചേരി ഐ സി എസ് അക്കാദമിയില്‍ തയ്യാറാക്കിയ നൂറുല്‍ ഉലമ ചേമ്പറിലാണ് ഇസ്ലാമിക് സെന്‍സോറിയം നടക്കുന്നത്.

അറിവന്വേഷണത്തിന്റെയും ബോധന രീതികളുടെയും പുതിയ ചിന്തകള്‍ രൂപീകരിക്കുകയാണ് സെന്‍സോറിയം ലക്ഷ്യം വെക്കുന്നത്.

ജനുവരി മൂന്നിന് വൈകീട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി അധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈാന്‍ മുസ് ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഹംദര്‍ദ് യൂണിവേഴ്സിറ്റി ഇസ്‌ലാമിക് സ്റ്റഡീസ് ഡിപാര്‍ട്മെന്റ് മേധാവി ഗുലാം യഹ്‌യ അന്‍ജും മുഖ്യാതിഥിയാവും. താജുശ്ശരീഅ എം അലികുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, മുക്താര്‍ ഹസ്രത്ത്, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, ഹംസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, അബ്ദുല്‍ നാസിര്‍ അഹ്സനി ഒളവട്ടൂര്‍, അബ്ദുല്ല അഹ്സനി, ശൗക്കത് നഈമി അല്‍ ബുഖാരി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുല്‍ റഹ്മാന്‍ ഫൈസി, ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, എന്‍ എം സ്വാദിഖ് സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, ഡോ ഫൈസല്‍ അഹ്സനി രണ്ടത്താണി, സിബ്ഗത്തുല്ലാ സഖാഫി, ജഅ്ഫര്‍ സഅദി അച്ചൂര്‍, സി പി ശഫീഖ് ബുഖാരി, സ്വലാഹുദ്ദീന്‍ അയ്യൂബി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

വിദ്യാഭ്യാസം കച്ചവടവത്കരിക്കപ്പെടുകയും മാനുഷിക മൂല്യങ്ങള്‍ കരിക്കുലത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്യുന്ന സാഹചര്യമുണ്ട്. പാരമ്പര്യ വിജ്ഞാന ശാഖകളുടെ വേരുകളില്‍ നിന്ന് ഈ പ്രതിസന്ധികളെ എങ്ങനെ മറികടക്കാം എന്ന ആലോചനകളാണ് സ്റ്റുഡന്റ്സ് ഇസ് ലാമിക് സെന്‍സോറിയത്തില്‍ നടക്കുക. രാജ്യത്തും രാജ്യാന്തര രംഗത്തും ഉയര്‍ന്നു വരുന്ന വൈജ്ഞാനിക മേഖലയിലെ പുതിയ സംവാദങ്ങളെയും സെന്‍സോറിയം ചര്‍ച്ച ചെയ്യും. ലോക നവോഥാനത്തിന് ആദ്യ വെളിച്ചം വീശിയ മധ്യകാലഘട്ടത്തിലെ ഇസ് ലാമിക പണ്ഡിതരെ പുതിയ തലമുറക്ക് പരിചയപ്പെടുത്തും. ഇസ് ലാമിന്റെ വിവിധ വൈജ്ഞാനിക മേഖലകളെ പുതിയ കാലത്തേക്ക് പരിഭാഷപ്പെടുത്തുള്ള ആഴത്തിലുള്ള ആലോചനകളുമുണ്ടാകും. മതവിശ്വാസങ്ങള്‍ക്കും അറിവുകള്‍ക്കും മേല്‍ ഭരണകൂടത്തിന്റെയും കോടതികളുടെയും ഇടപെടലുകള്‍ സംബന്ധിച്ച് സമുന്നത നീതിപീഠങ്ങളില്‍ വരെ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇത്തരം വിഷയങ്ങളിലും സെന്‍സോറിയം അഭിപ്രായം രൂപീകരിക്കും. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും ഇസ്‌ലാമിക പണ്ഡിതരും സെന്‍സോറിയത്തില്‍ പങ്കെടുക്കും.

കേരളത്തിലെ പ്രമുഖ കലാലയങ്ങളില്‍ നിന്നും മുസ് ലിം കോളജുകളില്‍ നിന്നും കഴിവു തെളിയിച്ച ഗവേഷക വിദ്യാര്‍ഥികളും പ്രതിഭകളുമാണ് ഇസ് ലാമിക് സെന്‍സോറിയത്തിലെ പ്രതിനിധികള്‍. മൂന്ന് ദിവസത്തെ സെഷനില്‍ സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട 800 പ്രതിനിധികള്‍ സംബന്ധിക്കും. മൂന്ന് വേദികളിലായി 25 വ്യത്യസ്ത സെഷനുകള്‍ സെന്‍സോറിയത്തില്‍ നടക്കും.
ജനുവരി അഞ്ച് ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ സംസ്ഥാനത്തെ പതിനായിരത്തോളം മത വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കാന്തപുരം എ പി അബൂബകര്‍ മുസ് ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. 


SHARE THIS

Author:

0 التعليقات: