Thursday, 6 February 2020

പൗരത്വനിയമം രാജ്യത്തിന്റെ സുസ്ഥിരത തകര്‍ക്കും: കാന്തപുരം

കോഴിക്കോട്: രാജ്യത്തെ എല്ലാ വിഭാഗം മനുഷ്യരെയും ഒരുപോലെ ഭരണകൂടം പരിഗണിക്കുമ്പോഴാണ് ജനങ്ങള്‍ക്ക് ആത്മവിശ്വാസം വളരുന്നതും സാമൂഹിക വികാസം സാധ്യമാകുന്നതുമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഏപ്രില്‍ 9 മുതല്‍ 12 വരെ നടക്കുന്ന മര്‍കസ് നാല്പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച ജില്ലാ സമ്പൂര്‍ണ്ണ സഖാഫി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പൗരത്വനിയമം ഒരു വിഭാഗത്തെ മാത്രം ഉന്നംവെച്ചിട്ടുള്ളതാണ്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് എതിരുമാണ്. ജനങ്ങള്‍ക്കിടയില്‍ വിവേചനം വളര്‍ത്തുന്നത് രാജ്യത്തിന്റെ സുസ്ഥിരത തകര്‍ക്കും, അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും അഭിവൃദ്ധിപ്പെടുത്തുന്നതില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി മര്‍കസ് പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാര്‍ത്ഥന വഹിച്ചു. സമസ്ത സെക്രട്ടറി എ.പി മുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി പദ്ധതികള്‍ വിശദീകരിച്ചു സംസാരിച്ചു. വി.പി.എം ഫൈസി വില്യാപ്പള്ളി, ചിയ്യൂര്‍ മുഹമ്മദ് മുസ്ലിയാര്‍, ജലീല്‍ സഖാഫി ചെറുശോല, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, മുഹമ്മദലി സഖാഫി വള്ളിയാട്, അലവി സഖാഫി കായലം പ്രസംഗിച്ചു.


SHARE THIS

Author:

0 التعليقات: