Friday, 14 February 2020

'ന്യൂനപക്ഷങ്ങളെ കൂടെ കൂട്ടണം': സിഎഎ- എന്‍ആര്‍സി വിഷയത്തില്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് സഖ്യകക്ഷി; ഭിന്നത രൂക്ഷം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി എന്‍ഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലി ദള്‍ രംഗത്ത്. മതാടിസ്ഥാനത്തിലുള്ള വിവേചനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും വിവിധ മത വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യം തകര്‍ക്കരുതെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പ്രകാശ് സിങ് ബാദല്‍ പറഞ്ഞു. 

'രാജ്യത്തെ നിലവിലെ സാഹചര്യം അത്രനല്ലതല്ല, ആശങ്കയുളവാക്കുന്നതാണ്. എല്ലാ മതങ്ങളെയും ബഹുമാനിക്കണം. വിജയകരമായി സര്‍ക്കാരിനു മുന്നോട്ടു പോവണമെങ്കില്‍ അവര്‍ ന്യൂനപക്ഷങ്ങളെയും കൂടെചേര്‍ക്കണം. ഹിന്ദുക്കള്‍, മുസ്ലിംകള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍ എന്നിവരെല്ലാം ഒരു കുടുംബത്തിന്റെ ഭാഗമാണെന്ന് തോന്നണം. അവര്‍ പരസ്പരം ആലിംഗനം ചെയ്യണം സൗഹാര്‍ദപരമായി ജീവിക്കേണ്ടതുണ്ട്. വിദ്വേഷത്തിന്റെ വിത്തുകളല്ല വിതയ്ക്കേണ്ടത്'- അമൃത്സറിലെ ഒരു റാലിയില്‍ ബദല്‍ പറഞ്ഞു. 
'നമ്മുടെ രാജ്യത്തിന് മതേതരവും ജനാധിപത്യപരവുമായ സ്വഭാവമാണുള്ളത്. ഇത് ഭരണഘടനയില്‍ വ്യക്തമായി എഴുതപ്പെട്ടിട്ടുള്ളതാണ്. 

മതേതരത്വത്തിന്റെ പവിത്രമായ തത്ത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നത് നമ്മുടെ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയേയുള്ളൂ. മതനിരപേക്ഷ ജനാധിപത്യമെന്ന നിലയില്‍ ഇന്ത്യയെ സംരക്ഷിക്കാന്‍ അധികാരത്തിലിരിക്കുന്നവര്‍ ഐക്യത്തോടെയും അശ്രാന്തമായും പ്രവര്‍ത്തിക്കണം'- അദ്ദേഹം പറഞ്ഞു. സാഹോദര്യത്തിനും സോഷ്യലിസത്തിനും വേണ്ടി വാദിച്ച സിഖ് ഗുരുക്കന്മാരുടെ ചിന്തകളിലേക്ക് സര്‍ക്കാര്‍ മടങ്ങി വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പൗരത്വ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുമ്പും രൂക്ഷ വിമര്‍ശന മുന്നയിച്ച പാര്‍ട്ടിയാണ് ശിരോമണി അകാലി ദള്‍. എന്‍ഡിഎ സഖ്യകക്ഷിയായ അകാലിദളിന്റെ വിമര്‍ശനം സിഎഎ, എന്‍ആര്‍സി വിഷയത്തില്‍ സഖ്യകക്ഷികള്‍ക്കിടയിലെ വിള്ളലാണ് വെളിപ്പെടുത്തുന്നത്. 

മതത്തെ അടിസ്ഥാനമാക്കി നിയമനിര്‍മ്മാണം നടത്തുന്നത് സ്വീകാര്യമല്ലെന്നും പൗരത്വ ഭേദഗതി നിയമത്തില്‍ മുസ് ലിംകളെ ഒഴിവാക്കകരുതെന്നും ശിരോമണി അകാലിദള്‍ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ പറഞ്ഞിരുന്നു. അകാലിദള്‍ രാജ്യസഭാംഗം ബല്‍വീന്ദര്‍ സിങ് ഭുന്ദര്‍ ആണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്.


SHARE THIS

Author:

0 التعليقات: