Saturday, 29 February 2020

ദേശരക്ഷാ സമ്മേളനം ഇന്ന് ചാവക്കാട്ട്; ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി മുഖ്യാതിഥി

ചാവക്കാട്: പൗരത്വഭേദഗതി നിയമത്തിലൂടെ ഇന്ത്യയുടെ സമാധാനാന്തരീക്ഷം തകര്‍ക്കുകയും ഭരണക്കൂടത്തിന്റെ ഒത്താശയോടെ ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കലാപ കലുഷിതമാവുകയും ചെയ്ത സാഹചര്യത്തില്‍ കേരള മുസ്ലീം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ചാവക്കാട് അനേകായിരങ്ങള്‍ പങ്കെടുക്കുന്ന ദേശരക്ഷാ സമ്മേളനം ഭരണക്കൂട ഭീകരതക്കെതിരെയുള്ള വന്‍ മുന്നേറ്റമായിരിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ജില്ലയിലെ 400 മഹല്ലുകളില്‍ നിന്നുള്ള വിശ്വാസികള്‍ സംബന്ധിക്കുന്ന മഹളറത്തുല്‍ ബദരിയ്യ വാര്‍ഷിക മജ്‌ലിസ് സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ശാഹിദുല്‍ ഉലമ ടി പി അബൂബക്കര്‍ മുസ്ലിയാര്‍,താഴപ്ര മുഹ്യദ്ദീന്‍കുട്ടി മുസ്ലിയാര്‍, ഐ എം കെ ഫൈസി എന്നിവരുടെ  നേതൃത്വത്തില്‍ വൈകീട്ട് 5.30 ന് ആരംഭിക്കും. വൈകീട്ട് ഏഴ് മണിക്ക് കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളിയുടെ  അദ്ധ്യക്ഷതയില്‍  നടക്കുന്ന ദേശ രക്ഷാ സമ്മേളനം കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം  എ പി അബൂബക്കര്‍ മുസ്ലിയാര്‍  മുഖ്യ പ്രഭാഷണം നടത്തും. 

ആനുകാലിക ഇന്ത്യയും വിശ്വാസികളുടെ ബാധ്യതയും എന്ന വിഷയത്തെ ആസ്പദമാക്കി പേരോട് അബ്ദുറഹ്മാന്‍ സഖാഫി സംവദിക്കും. ജാമിഅ മര്‍കസ് പ്രസിഡണ്ട് സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ,കെ പി സി സി ജന:സെക്രട്ടറി ഒ അബ്ദുറഹ്മാന്‍കുട്ടി,സി പി എം ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസ്,മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് തുടങ്ങിയ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. 

ജാമിഅ: മര്‍കസ് 43-ാം വാര്‍ഷിക സമ്മേളന പ്രചാരണ സാമയികം,അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സാന്ത്വന സിറ്റി ഉള്‍പ്പെടെ ജില്ലയില്‍ നടത്തപ്പെടുന്ന 10 കോടിയുടെ സാന്ത്വന പദ്ധതികള്‍, ഉമറാ സമ്മേളനം എന്നിവയുടെ പ്രഖ്യാപനവും നടക്കും. 

കേരളത്തിലെ ആത്മീയ ഗുരുക്കളില്‍ പ്രധാനിയും സ്വാതന്ത്യത്തിന് മുമ്പത്തെ നികുതി നിഷേധ പ്രസ്ഥാനത്തില്‍ സജീവ സാന്നിദ്ധ്യവുമായിരുന്ന ഉമര്‍ ഖാളിയുടെ നാമധേയത്തില്‍ ചാവക്കാട് ബസ് സ്റ്റാന്‍ഡിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനത്തിന്റെ വിജയത്തിനായി പ്രത്യേകം രൂപീകരിച്ച സ്വാഗതസംഘത്തിന്റെ കീഴില്‍  ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ഭാരവാഹികള്‍ പറഞ്ഞു. 


സയ്യിദ് ഫസല്‍ തങ്ങള്‍,സി വി മുസ്തഫ സഖാഫി,അബ്ദുല്‍ലത്തീഫ് ഹാജി ബ്ലാങ്ങാട്,ആര്‍ വി ബശീര്‍ മൗലവി,നവാസ് പാലുവായ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


SHARE THIS

Author:

0 التعليقات: