Saturday, 15 February 2020

ഭീതിയൊഴിയാതെ രാജ്യം, ചൈനയില്‍ 1631 മരണം: കൊറോണ വൈറസ് ബാധ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും സ്ഥിരീകരിച്ചു

ബീജിംഗ്: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം1631 ആയി ഉയര്‍ന്നു. 143 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ഹ്യുബെ പ്രവിശ്യയില്‍ പുതുതായി 2240 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം ഇവിടെ 139 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ ജപ്പാനിലും രോഗം ബാധിച്ച് 80കാരി മരിച്ചു. നേരത്തെ ഹോങ്കോംഗ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ ഒരാള്‍ വീതം മരിച്ചിരുന്നു. വൈറസ് സ്ഥിരീകരിച്ച കേസുകള്‍ കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയെന്ന് ചൈനീസ് അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അതിനിടെ കൊറോണ വൈറസ് ബാധ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും സ്ഥിരീകരിച്ചു. ഈജിപ്തില്‍ നിരീക്ഷണത്തിലുള്ള വിദേശപൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ മാസം കെയ്‌റോ വിമാനത്താവളം വഴി എത്തിയ യാത്രക്കാരനിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ജപ്പാന്‍ ആഡംബരക്കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ ജീവനക്കാരനായ മൂന്നാമത്തെ ഇന്ത്യക്കാരനും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇയാളെ ആശുപത്രിയിലേക്കു മാറ്റിയതായി ടോക്കിയോയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ നില മെച്ചപ്പെടുന്നുണ്ടെന്നും എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ കപ്പലിലെ രോഗബാധിതരുടെ എണ്ണം 175 പിന്നിട്ടു.138 ഇന്ത്യക്കാരടക്കം 3,711 പേരുള്ള ആഡംബരക്കപ്പലാണ് കടലില്‍ പിടിച്ചിട്ടിരിക്കുന്നത്.


SHARE THIS

Author:

0 التعليقات: