Friday, 7 February 2020

തീവണ്ടിയില്‍ കടത്തുകയായിരുന്ന 30കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: തീവണ്ടിയില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. സംഭവത്തില്‍ കണ്ണൂര്‍ മുണ്ടയാട് സ്വദേശി രാഹുല്‍ സോണി(21)യെ കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് 144 പാക്കറ്റുകളിലാക്കിയ 30 കിലോയോളം
പാന്‍മസാലകള്‍ പിടിച്ചെടുത്തത്. 

ഡി-5 കോച്ചിനുള്ളിലെ സീറ്റിനടിയില്‍ ബാഗില്‍ ഒളിപ്പിച്ചനിലയിലായിരുന്നു പാന്‍മസാലകള്‍. ഇവയ്ക്ക് വിപണിയില്‍ 19,086 രൂപ വിലമതിക്കുമെന്നും മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും റെയില്‍വേ പോലീസ് അറിയിച്ചു.

കാസര്‍കോട് റെയില്‍വേ പോലീസ് എസ്.ഐ. രാമചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സബ് ഇന്‍സ്പെക്ടര്‍ രാജു, സീനയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ചന്ദ്രന്‍ മുത്തത്ത്, സുധീരന്‍, ഗംഗാധരന്‍ (ഇന്റലിജന്‍സ്), അശോകന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, മഹേഷ്, ജയിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു..


SHARE THIS

Author:

0 التعليقات: