Saturday, 8 February 2020

500 കേന്ദ്രങ്ങളില്‍ സേവ് ഇന്ത്യ കോണ്‍ഫ്രന്‍സ്

കോഴിക്കോട്: കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച ജില്ലാ ഉമറാ സമ്മേളനങ്ങളുടെ ഭാഗമായി സര്‍ക്കിള്‍ തലങ്ങളില്‍ ഫെബ്രുവരിയില്‍ അഞ്ഞൂറ് സേവ് ഇന്ത്യാ കോണ്‍ഫ്രന്‍സുകള്‍ നടത്താന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. 

പുതിയ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആശങ്കകളും ആവലാതികളും അരങ്ങു കയ്യടക്കിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് 'സൗഹൃദം സാധ്യമാണ്' എന്ന പ്രമേയത്തില്‍ സമ്മേളനങ്ങള്‍ നടത്തുന്നത്. 

ഏത് പ്രതിസന്ധിഘട്ടങ്ങളിലും ജനങ്ങളുടെ ഇടയില്‍ സാമുദായിക ഐക്യവും സ്‌നേഹ മനസ്സും വിവേകവും നിലനില്‍ക്കണം. ദേശീയ അഖണ്ഡതയും വികസനവും പുലര്‍ന്നു നില്‍ക്കണം. വര്‍ഗീയതയുടെയും വിഭജനത്തിന്റെയും കനലുകള്‍ ഉയര്‍ന്നു വരരുത്. അതിന് ആധികളില്ലാത്ത മനസ്സും മണ്ണും രൂപപ്പെടണം. ഗ്രാമങ്ങള്‍ ലഹരി മുക്തമാകണം. ഉദ്ദേശ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ജനങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കണം. ഒന്നിച്ചുളള മുന്നേറ്റം അതിന് അനിവാര്യമാണ്. യൂണിറ്റുകളിലെ നാട്ടുവിചാരവും സര്‍ക്കിള്‍ തലത്തിലെ സേവ് ഇന്ത്യാ കോണ്‍ഫറന്‍സും സോണ്‍ തല ടേബിള്‍ ടോക്കും ജില്ലാ ഉമറാ സമ്മേളനങ്ങളും അതിന് അനുസൃതമായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

യോഗത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, കെ.പി അബൂബക്കര്‍ മൗലവി പട്ടുവം, കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, എന്‍. അലി അബ്ദുല്ല, പ്രൊഫ: കെ.എം.എ റഹീം, അഡ്വ: എ.കെ ഇസ്മാഈല്‍ വഫ, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, എം.കെ ഹാമിദ് മാസ്റ്റര്‍, ജി. അബൂബക്കര്‍, അഹമ്മദ് കുട്ടി ബാഖവി, എം.എ മജീദ് ഹാജി ഉപ്പട്ടി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സിറാജുദ്ദീന്‍ ഫൈസി, എം.എസ്. മുഹമ്മദ്, വി.എച്ച് അലി ദാരിമി, കെ.എസ്.എം.റഫീഖ് അഹമ്മദ് സഖാഫി കോട്ടയം, എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, അബ്ദുറഷീദ് കരുമാടി, അശ്‌റഫ് ഹാജി അലങ്കാര്‍, മുഹമ്മദ് സിയാദ് കളിയിക്കാവിള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി.പി സെയ്തലവി മാസ്റ്റര്‍ സ്വാഗതവും പ്രൊഫ: യു.സി അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: