Friday, 28 February 2020

കോഴിയിറച്ചി പാകം ചെയ്യുന്നതിലെ തര്‍ക്കം; ഒഡീഷ സ്വദേശിയെ മഴു കൊണ്ട് വെട്ടിക്കൊന്നു

തിരൂരങ്ങാടി: കോഴിയിറച്ചിയുടെ പേരിലുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. മലപ്പുറം തിരൂരങ്ങാടി മുന്നിയൂരില്‍ ഒഡീഷ സ്വദേശിയെ കൂടെത്താമസിച്ചിരുന്ന ഛത്തീസ്ഗഡ് സ്വദേശി മഴുകൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഒഡീഷ നപുരംപൂര്‍ ജില്ലയിലെ ബാസൂലി സ്വദേശിയായ ലക്ഷ്മണ്‍ മാജി(45) ആണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡ് സ്വദേശി ബുട്ടി ബാഗലിനെ(60) പൊലീസ് അറസ്റ്റ് ചെയ്തു. 

മൂന്നിയൂര്‍ പാറക്കടവിലെ ചാനിയത്ത് ക്വാര്‍ട്ടേഴ്സില്‍ ബുധനാഴ്ച രാത്രി 12.15ന് ആണ് സംഭവം. കോഴിയിറച്ചി പാചകം ചെയ്യുന്നത് സംബന്ധിച്ച് ഇരുവരും തമ്മില്‍ 5 മാസം മുന്‍പ് തര്‍ക്കം നടന്നിരുന്നതായി പൊലീസ് പറയുന്നു. ലക്ഷ്മണ്‍ മാജി കോഴിയിറച്ചി കഴിക്കാറില്ല. ബുട്ടി കൊണ്ടുവന്ന കോഴിയിറച്ചി ഇയാള്‍ വലിച്ചെറിഞ്ഞിരുന്നു. ഇന്നലെയും ഇവരുടെ താമസസ്ഥലത്ത് കോഴിയിറച്ചി പാചകം ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച തര്‍ക്കമാകാം കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു.

ആറു പേരാണ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നത്. ബുട്ടി ബാഗലും കൊല്ലപ്പെട്ട ലക്ഷ്മണ്‍ മാജിയും വിറകുവെട്ടു തൊഴിലാളികളാണ്. ഉറങ്ങുന്നതിനിടെ മാജിയുടെ തന്നെ മഴുവെടുത്തു കഴുത്തിന് വെട്ടുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മരിച്ചു. രണ്ടു മണിയോടെയാണ് വിവരം പുറത്തറിഞ്ഞത്. ബുട്ടിയെ മമ്പുറത്തുനിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്എച്ച്ഒ കെ.റഫീഖിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. 

കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലും സ്ഥലത്തെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.


SHARE THIS

Author:

0 التعليقات: