Wednesday, 26 February 2020

മഴവില്‍ ക്ലബ് നന്മവീട് പദ്ധതിയുടെ സംസ്ഥാനതല പുരസ്‌കാരാങ്ങള്‍ പ്രഖ്യാപിച്ചു.

കോഴിക്കോട്: മഴവില്‍ ക്ലബ്ബിന്റെ 2019 - 20 വര്‍ഷത്തെ നന്മവീട് പദ്ധതിയുടെ സംസ്ഥാന തല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പഠനം മധുരം സേവനം മനോഹരം എന്ന സന്ദേശമുയര്‍ത്തി പഠന, പാഠ്യേതര വിഷയങ്ങളിലും സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ കേരളത്തിലെ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണ് മഴവില്‍ ക്ലബ്ബ്. ദാരിദ്ര നിര്‍മാര്‍ജനം, പരിസ്ഥിതി സംരക്ഷണം, ലഹരിമുക്ത ഗ്രാമം തുടങ്ങി വിവിധ വിഷയങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷം നടന്ന പദ്ധതികളുടെ അടിസ്ഥാനത്തിലാണ് നന്മവീട് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

നന്മവീട് പദ്ധതിയുടെ ഭാഗമായി സ്‌കൂളുകള്‍ വിവിധങ്ങളായ സാമൂഹ്യ പ്രതിബദ്ധതയുളള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കുട്ടി കര്‍ഷകന്‍, ലഹരി മുക്ത കാമ്പസ്, വീട് നിര്‍മാണം, ഹോസ്പിറ്റലുകളില്‍ ഭക്ഷണ വിതരണം, തയ്യല്‍ മെഷീന്‍ വിതരണം, ദുരിതം ബാധിച്ച ഗ്രാമങ്ങളില്‍ പഠനോപകരണ വിതരണം, വീട് ശുചീകരണം, അടുക്കളകിറ്റുകള്‍, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായം, ലൈബ്രറി നവീകരണം, ഇക്കോഫ്രണ്ട്ലി കാമ്പസുകളുടെ നിര്‍മിതി തുടങ്ങിയവ നടത്തി. നന്മവീട് പദ്ധതിയുടെ ഈ വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെമ്മാട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇസ്സത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുഴിമണ്ണയും മൂന്നാം സ്ഥാനം എം.ഇ.ടി പബ്ലിക് സ്‌കൂള്‍ കൊളമംഗലവും നേടി. വിജയികള്‍ക്ക് പ്രശസ്തി പത്രവും, മെമന്റോയും ഒരു പവന്‍, അര പവന്‍, കാല്‍ പവന്‍ വീതം ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കും നല്‍കി.  മെംമ്സ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ കോഴിക്കോട്, ഇശാഅത്ത് പബ്ലിക് സ്‌കൂള്‍ പൂനൂര്‍, തഅ്ലീം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരപ്പനങ്ങാടി, മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ മലപ്പുറം, ദാറുല്‍ ഫത്ഹ് പബ്ലിക് സ്‌കൂള്‍ തൊടുപുഴ ഇടുക്കി, നൂറുല്‍ ഹുദ സ്‌കൂള്‍ തിരൂരങ്ങാടി, അല്‍ ഇര്‍ഷാദ് സ്‌കൂള്‍ തൃപ്പനച്ചി, എം.ഇ.ടി സ്‌കൂള്‍ തിരൂര്‍, നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പെരുവള്ളൂര്‍ എന്നീ സ്‌കൂളുകള്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍ക്ക് അര്‍ഹത നേടി പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി.

മഴവില്‍ ക്ലബ്ബ് പുരസ്‌കാര ചടങ്ങ് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സി.പി ഉബൈദുള്ള സഖാഫി അധ്യക്ഷത വഹിച്ചു. വേങ്ങര മലബാര്‍ കോളേജ് അസിസ്റ്റന്റ് പ്രഫസര്‍ അബ്ദുറഹിമാന്‍ കറുത്തേടത്, കാലികറ്റ് യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം പ്രഫ. എം അബ്ദുറഹിമാന്‍, തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ മാനസിക വിഭാഗം തലവന്‍ ഡോ. നൂറുദ്ദീന്‍ റാസി എന്നിവരാണ് നന്മ വീട് പദ്ധതി സമര്‍പ്പിച്ച സ്‌കൂളിലെ മഴവില്‍ ക്ലബ്ബ് അംഗങ്ങളുമായി സംവദിച്ച് വിധി നിര്‍ണയിച്ചത്.

എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി മുഹമ്മദ് അശ്ഹര്‍ അനുമോദന പ്രഭാഷണം നിര്‍വഹിച്ചു. മെംമ്സ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ റംസി മുഹമ്മദ്, അക്കാദമിക് ഹെഡ് അബ്ദുല്‍ കലാം സിദ്ദീഖി, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ബി ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. മഴവില്‍ ക്ലബ്ബ് സംസ്ഥാന കണ്‍വീനര്‍ എം.കെ മുഹമ്മദ് സഫ്വാന്‍ സ്വഗതവും മഴവില്‍ ക്ലബ്ബ് സംസ്ഥാന അംഗം കെ.എ റഷീദ് നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: